ക്ഷേത്രപ്രവേശന വിളംബരം@90 ; പൈതൃക തെരുവുകളിൽ കുട്ടികളുടെ ഘോഷയാത്ര;വരവേൽപ്പുമായി നാട്ടുകാർ1 min read

 

തിരുവനന്തപുരം: പൈതൃക തെരുവുകളിലൂടെ കരമന ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിയ ക്ഷേത്രപ്രവേശന വിളംബര ഘോഷയാത്രയ്ക്ക് വൻ വരവേൽപ്പ്.

വിളംബര പ്രഖ്യാപനത്തിന് 90വർഷം പൂർത്തിയായതു പ്രമാണിച്ചായിരുന്നു വ്യാഴാഴ്ച ഘോഷയാത്ര സംഘടിപ്പിച്ചത്. മുന്നൂറിൽപ്പരം വർഷം പഴക്കം വരുന്ന കരമനയിലെ ആറ്റിൻകര തെരുവ്, നാഗമ്മയ്യ സ്ട്രീറ്റ്, ഇരട്ടത്തെരുവ്, തെലുങ്ക് ചെട്ടിത്തെരുവ് എന്നിവിടങ്ങളിലൂടെ കടന്നുപോയ ഘോഷയാത്രയ്ക്ക് റെസിഡൻസ് അസോസിയേഷനുകൾ, ക്ഷേത്ര ഭാരവാഹികൾ, തൊഴിലാളി സംഘടനകൾ, പോലീസുകാർ,പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവരാണ് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയത്.1936 നവംബർ 12നാണ് ചിത്തിരത്തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് അവർണർക്കും ക്ഷേത്രത്തിൽ പ്രവേശിക്കുവാനുള്ള വിളംബര പ്രഖ്യാപനം നടത്തിയത്.

നവതി ആഘോഷത്തിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ക്ഷേത്രപ്രവേശന വിളംബര പത്രം നൽകുന്ന പദ്ധതിക്ക് കഴിഞ്ഞ മാസം സ്കൂൾ തുടക്കം കുറിച്ചിരുന്നു.

ഘോഷയാത്രയുടെ മുൻനിരയിലുണ്ടായിരുന്ന വിളംബര ഫലകത്തിൽ മാലയണിയിച്ചും തിലകം ചാർത്തിയും ആരതിയുഴിഞ്ഞും നിലവിളക്ക് തെളിച്ചും പരമ്പരാഗത രീതിയിലാണ് സ്വീകരണം ഒരുക്കിയിരുന്നത്. വഴിയരുകിൽ കാത്തുനിന്നവർ പുഷ്പാർച്ചന നടത്തി. നാട്ടുകാർക്ക് കുട്ടികൾ മധുരം വിതരണം ചെയ്തപ്പോൾ ശീതള പാനീയവും ലഘു ഭക്ഷണങ്ങളും തയ്യാറാക്കി നൽകിയാണ് നാട്ടുകാർ സ്‌നേഹം പ്രകടിപ്പിച്ചത്. സ്കൂളിൽ നിന്നും രാവിലെ 9 .30ന് തുടങ്ങിയ ഘോഷയാത്ര 11 മണിയോടെ സമാപിച്ചു.

വിവിധ സ്വീകരണ യോഗങ്ങളിൽ വാർഡ് കൗൺസിലർ കരമന അജിത്,പിടിഎ പ്രസിഡൻറ് സജിത്ത് എസ്.എൽ, പ്രിൻസിപ്പൽ ബിലു വി.ബി, ഹെഡ്മിസ്ട്രസ് മിനി വൈ, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി ആർ എന്നിവർ പ്രസംഗിച്ചു.