കുടലിലെ തകരാർ ഓർമ്മയേയും ബുദ്ധിയേയും ബാധിക്കുമെന്ന് ശാസ്ത്രീയ പഠനം
(ഇൻഡോ ജെർമ്മൻ ഗവേഷക സംഘം ബി എം സി ബയോളജിയുടെ ലേഖനത്തിൽ പ്രസിദ്ധീകരിച്ചത്)
ആമാശയത്തിലെ
ബാക്ടീരിയയുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ഓർമ്മ ശക്തിയെയും പഠനശേഷിയെയും ബാധിക്കുമെന്ന് ഇൻ ഡോ ജർമ്മൻ ഗവേഷക സംഘം കണ്ടെത്തി.. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സെൻ്റർ ഫോർ ന്യൂറോ സയൻസ് മേധാവി ഡോക്ടർ ബേബി ചക്രപാണി, ജർമ്മനിയിലെ സെൻ്റർ ഫോർ ഇൻഫക്ഷൻ റിസർച്ച് സെൻറ്ററിലെ പ്രൊഫസർ മാർട്ടിൻ കോർട്ടേ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഡോക്ടർ ചക്രപാണിയുടെ കീഴിൽ ഗവേഷണം നടത്തുന്ന കൃഷ്ണപ്രിയയുടെ പി എച്ച്ഡി പഠനത്തിൻ്റെ ഭാഗമായാണ് ഇത് നടന്നത്.
തെറ്റായ ഭക്ഷണക്രമം, ദീർഘകാല ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം എന്നിവ എങ്ങനെയാണ് കുടലിലെ സൂഷ്മാണുക്കളുടെ അസന്തുലിതാവസ്ഥക്ക് കാരണമാവുന്നതെന്നും ആ മാറ്റങ്ങൾ ശരീരത്തിൽ എങ്ങനെ വീക്കം അഥവാ ഇൻഫ്ലമേഷൻ സൃഷ്ടിക്കുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു. ഈ വീക്കം തലച്ചോറിലെ ഓർമ്മകൾ രൂപപ്പെടുത്തുവാൻ സഹായിക്കുന്ന നാഡീവ്യൂഹങ്ങളെ ബാധിക്കുന്നു എന്നതാണ് സുപ്രധാന കണ്ടെത്തൽ. ഈ വീക്കം ഒടുവിൽ തലച്ചോറിലെ പ്രതിരോധകോശങ്ങളെയും സ്വാധീനിക്കുന്നു. കുടലിലെ വീക്കം മൂലം സമ്മർദ്ദത്തിലാകുന്ന “മൈക്രോഗ്ലിയ” കോശങ്ങളുടെ പ്രവർത്തനം വ്യത്യാസപ്പെടുന്നു, ഓർമ്മശക്തിക്ക് അനിവാര്യമായ ആരോഗ്യമുള്ള നാഡീബന്ധങ്ങളെ കൂടി നശിപ്പിക്കുന്നു. ആവശ്യമില്ലാത്തവയേ മാത്രം നീക്കേണ്ടതിനു പകരം ആരോഗ്യമുള്ള നാഡീബന്ധങ്ങൾ കൂടി നശിപ്പിക്കപ്പെടുന്നു. ഇത് ഓർമ്മശക്തിയെയും പഠനശേഷിയെയും സാരമായി ബാധിക്കുന്നു.
അമിതമായ ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം, അമിതമായി സംസ്കരിച്ച ഭക്ഷണം, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ കുടലിലെ സൂഷ്മാണുക്കളുടെ വൈവിധ്യത്തെ ബാധിക്കുകയും, “ഗട്ട് ഡിസ്ബയോസിസി”ന് കാരണമാവുകയും ചെയ്യും. ആൻ്റിബയോട്ടിക്കുകളുടെ മിതമായ ഉപയോഗം, പ്രോബയോട്ടിക്സ്, സമീകൃതാഹാരം എന്നിവയിലൂടെ കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നത് ദഹനവ്യവസ്ഥയെ മാത്രമല്ല, തലച്ചോറിൻ്റെ പ്രവർത്തനങ്ങളേയും സംരക്ഷിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

(കടപ്പാട്)
ഡോക്ടർരഘു
ആരോഗ്യഭാരതി.
