തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയ ഡോക്ടർ ഹാരിസിനെ വേട്ടയാടാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി.
കേരളത്തിലെ ആരോഗ്യ മേഖലയുടെ ദുരവസ്ഥ തുറന്നുകാട്ടിയ ഡോക്ടർ ഹാരിസിനെ അതിന്റെ പേരിൽ ശിക്ഷിക്കാൻ ബിജെപി അനുവദിക്കില്ല. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ഹാരിസ് തുറന്നുകാട്ടിയ വസ്തുത ജനങ്ങൾ കണ്ടതാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ ദാരുണമായ അന്ത്യവും ജനങ്ങൾ കണ്ടതാണ്. അതുപോലെയുള്ള നിരവധി പ്രശ്നങ്ങൾ കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്നുണ്ട്. കേരളത്തിലെ ആരോഗ്യ മേഖല സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ല. മുറിവിൽ വെക്കാൻ പഞ്ഞി രോഗി കൊണ്ടുവരേണ്ട അവസ്ഥയാണ് പലയിടത്തും. കോട്ടയം മെഡിക്കൽ കോളേജിൽ അപകടം ഉണ്ടായ കെട്ടിടത്തിന്റെ അതേ ജീർണാവസ്ഥയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം സർക്കാർ ആശുപത്രികളും. ഇതിനൊന്നും ശാശ്വതമായി പരിഹാരം കാണാതെ ഡോക്ടർ ഹാരിസിനെ പോലെയുള്ള സത്യസന്ധരായ ജീവനക്കാരെ വേട്ടയാടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അത് കേരളത്തിലെ പൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഡോക്ടർ ഹാരിസിനെ പോലെയുള്ളവരെ ഒരു ഫാസിസ്റ്റ് നയത്തിലൂടെ വായ മൂടികെട്ടാൻ ശ്രമിച്ചാൽ അതിനെതിരെ ഏതറ്റം വരെയും പ്രതിഷേധവുമായി പോകാനാണ് ഭാരതീയ ജനതാ പാർട്ടിയുടെ തീരുമാനം. അതുകൊണ്ട് സംസ്ഥാന സർക്കാർ ഹാരിസിനെതിരായ വേട്ട അവസാനിപ്പിക്കണം. ഡോക്ടർ ഹാരിസിനൊപ്പമാണ് ബിജെപിയുടെ മുഴുവൻ സംവിധാനവും. അദ്ദേഹത്തിന് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും അനൂപ് ആന്റണി പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും ഹിപ്പോക്രസിയുടെ ഉദാഹരണം.
തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയെപ്പറ്റി പരാതി പറയാതെ തോറ്റ ശേഷം പരാതിയുമായി വരുന്നത് രാഷ്ട്രീയ നാടകം.
എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ബിജെപി വോട്ടർ പട്ടിക പഠിക്കുകയും തെറ്റുകൾ തിരുത്താൻ ഇടപെടുകയും ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ മത്സരിക്കുമ്പോൾ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ബി ജെ പി സമീപിച്ചതാണ്. അന്ന് വിവിധ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തി പഠിച്ച് കമ്മീഷനോട് പറഞ്ഞ് തിരുത്താൻ ബിജെപി നടപടി സ്വീകരിച്ചിരുന്നു. സമാനമായ രീതിയിൽ തദ്ദേശസ്വയം തെരഞ്ഞെടുപ്പിന് മുൻപ് ലഭ്യമായ കരട് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളും ഇലക്ഷൻ കമ്മീഷൻ മുമ്പിൽ കൊണ്ടുവരാൻ ബിജെപി നടപടികൾ സ്വീകരിച്ചു. വാർത്താസമ്മേളനം നടത്തി അതിലെ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുമ്പിൽ നിരത്തി. അതെല്ലാം തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക അന്തിമമാകുന്നതിന് മുൻപ് ബിജെപി ചെയ്ത പ്രവർത്തനങ്ങളാണ്. അത് ഇപ്പോൾ മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു മുൻപ് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ചെയ്യുന്ന പ്രവർത്തനമാണ്. ഈ പ്രവർത്തനങ്ങളെല്ലാം തെരഞ്ഞെടുപ്പിന് മുൻപ് ചെയ്യേണ്ടതാണ്. ഇപ്പോൾ കോൺഗ്രസും ഇടതുപക്ഷവും ഉയർത്തുന്ന പ്രശ്നങ്ങൾ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മുൻപ്, ഇപ്പോൾ ബിജെപി ചെയ്തതുപോലെ ഉയർത്താതിരുന്നത്? ഓൺലൈനായി ലഭ്യമായ തെരഞ്ഞെടുപ്പ് പട്ടിക ഡൗൺലോഡ് ചെയ്ത് ആർക്കുവേണമെങ്കിലും പഠിക്കാവുന്നതും തെറ്റ് ചൂണ്ടിക്കാട്ടാവുന്നതുമാണ്. അത് ബിജെപി എപ്പോഴും ചെയ്യുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾ ചെയ്യാതെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ശേഷം ഓരോ പരാതിയുമായിവരുന്നത് പ്രഹസനമാണ്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പരാജയപ്പെടുമെന്ന ഭീതി കാരണമാണ് ഇത്തരത്തിൽ നുണ പറയുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.
