തിരുവനന്തപുരം :ഇന്ത്യൻ ബഹിരാകാശയാത്രികനായ ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ നേതൃത്വത്തിലുള്ള നാസയുടെ ആക്സിയം മിഷൻ 4-ൽ കേരള കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിന്റെ ഗവേഷണ പദ്ധതിയും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള ഏഴ് ഗവേഷണങ്ങളിലൊന്ന് കാർഷിക സർവകലാശാലയുടെ ‘മൈക്രോ ഗ്രാവിറ്റി’ ഗവേഷണമാണ്.
യൂറോപ്യൻ സ്പേസ് ഏജൻസിയും (ESA) ISRO യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് & ടെക്നോളജിയും (IIST) കേരള കാർഷിക സർവകലാശാലയും (KAU) ചേർന്ന് നടത്തുന്ന ഗവേഷണ പരിപാടിയിൽ കേരളത്തിൻറെ തനതായ വിത്തിനങ്ങൾ ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) എത്തിച്ചുകൊണ്ടാണ് പരീക്ഷണം തുടങ്ങുന്നത്. കേരള കാർഷിക സർവകലാശാലയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായ ജ്യോതി, ഉമ (നെല്ല്), കനകമണി (കുറ്റിപ്പയർ), തിലതാര (എള്ള്), സൂര്യ (വഴുതന), വെള്ളായണി വിജയ് (തക്കാളി) എന്നിവയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചത്.
ബഹിരാകാശത്തെ സൂക്ഷ്മ ഗുരുത്വാകർഷണം നമ്മുടെ ഭക്ഷ്യവിള വിത്തുകളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. 14 ദിവസത്തെ ബഹിരാകാശത്തെ പരീക്ഷണത്തിന് ശേഷം ഈ വിത്തുകൾ തിരികെ ഭൂമിയിലേക്കു കൊണ്ടുവന്ന് പാകുകയും വിത്തുകളുടെ മുളയ്ക്കൽ, വളർച്ച, വിളവ് എന്നിവ പ്രത്യേക ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യും. ഇതിനായി ഇവിടെ നിന്ന് ആറിനങ്ങളിലായി 72 ഗ്രാം വിത്തുകൾ കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ താരതമ്യ പഠനത്തിനായി ഇതേ വിത്തുകളുടെ ഒരു കൺട്രോൾ സാമ്പിൾ വെള്ളായണി കാർഷിക കോളേജിലും പരീക്ഷണാടിസ്ഥാനത്തിൽ നട്ടു കൊണ്ട് നിരീക്ഷണങ്ങൾ നടത്തുന്നതാണ്. വെള്ളായണി കാർഷിക കോളേജിലെ ഡോ. ബീന ആർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ശാസ്ത്രജ്ഞയായ ഡോ. കെ. ജി. ശ്രീജ ലക്ഷ്മി എന്നിവരാണ് ഈ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് .
