വിശിഷ്ട സേവനം കൊണ്ടു മലയാള ഭാഷയെ സമ്പന്നയാക്കിയ മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ടി. രാമലിംഗം പിള്ള. മൂന്നുനാലുതലമുറക്കാലംമുമ്പ് തിരുവനന്തപുരത്തു താമസമാക്കിയ ഒരു തമിഴ് വെള്ളാളപിള്ള കുടുംബത്തിൽ 1880 ഫെബ്രുവരി 22-ാം തീയതി ജനിച്ചു. സംസ്കൃത പണ്ഡിതനും തിരുവിതാംകൂർ സർക്കാർ ജ്യോത്സ്യനുമായിരുന്ന എസ്. സ്ഥാണുപിള്ളയായിരുന്നു പിതാവിൽ നിന്നും സംസകൃതവും തമിഴും പഠിച്ച രാമലിംഗം പിള്ള തിരുവനന്തപുരത്തും മദ്രാസിലുമാണ് കോളേജ് വിദ്യാഭ്യാസംനിർവഹിച്ചത്. 1904-ൽ ബി.എ. പരീക്ഷ പാസ്സായ ഉടനെ സെക്രട്ടറിയേറ്റിൽ ഒരു ക്ലാർക്കായി ഉദ്യോഗത്തിൽ പ്രവേശിച്ചുവെങ്കിലും ഭാഷാ സാഹിത്യ പഠനങ്ങൾ പിന്നെയും തുടർന്നു. 1914-ൽ എം.എ ( മലയാളം) ബിരുദം നേടി. വിദ്യാഭ്യാസ കാലത്താരംഭിച്ച സാഹിത്യ പരിശ്രമങ്ങൾ അദ്ദേഹം തുടർന്നുകൊണ്ടേയിരുന്നു. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ ഉറച്ച പാണ്ഡിത്യം നേടിയ രാമലിംഗംപിള്ള ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. ചില അഖിലേന്ത്യാ പ്രബന്ധമത്സരങ്ങളിൽ പങ്കെടുത്തു സ്വർണ്ണമുദ്രകൾ കരസ്ഥമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു ദശാബ്ദത്തിലധികം തിരുവിതാംകൂർ ഗവൺമെൻ്റിൻ്റെ ഹെഡ് ട്രാൻസ്ലേറ്ററായി സേവനമനുഷ്ഠിച്ച ശേഷമാണ് രാമലിംഗംപിള്ള ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്. ആര്യഭടൻ അഥവാ ഇന്ത്യൻ ഗണിതശാസ്ത്രത്തിലെ ന്യൂട്ടൻ, മലയാള നാടകത്തിൻ്റെ വികാസം, യവന തത്ത്വജ്ഞാനാഭിവൃദ്ധി തുടങ്ങിയ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും പത്മിനി (ആഖ്യായിക ) , ഷേക്സ്പിയറുടെ പന്ത്രണ്ടു നായികമാർ, ആധുനിക മലയാള ഗദ്യരീതി, സി.ആർ. ദാസിൻ്റെ ജീവചരിത്രം,ലേഖനമഞ്ജരി , ശൈലീനീഘണ്ടു എന്നിവ മലയാളത്തിലും അന്നപൂർണ്ണാലയം (നോവൽ) തമിഴിലും രചിച്ച രാമലിംഗം പിള്ള ചിരസ്മരണീയനായിരിക്കുന്നത് “മലയാള ശൈലീ നിഘണ്ടു”വിൻ്റെയും “ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം ” നിഘണ്ടുവിൻ്റെയും കർത്താവെന്നനിലയിലാണ് ’35 വർഷത്തെ നിരന്തര പരിശ്രമത്തിൻ്റെ ഫലമാണ് ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു. 1956-ൽ 77ാംവയസ്സിലാണ് ഈ നിഘണ്ടു അദ്ദേഹം പൂർത്തിയാക്കിയത്. 1937 -ൽ മലയാള ശൈലീ നിഘണ്ടു പ്രസിദ്ധപ്പെടുത്തി. ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനു ശേഷം തിരുവിതാംകൂർ സർവ്വകലാശാലയിലെ പൗരസ്ത്യ ഭാഷാ പഠനങ്ങളുടെ ഫാക്കൽറ്റിയിൽ അംഗമായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ജീവിതകാലം മുഴുവൻ ഭാഷാഭിവൃദ്ധിക്കുവേണ്ടി നിരന്തരമായി പ്രയ്തനിച്ച രാമലിംഗം പിള്ളയുടെ നാമം ഭാഷാഭിമാനികൾക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. 1143 (1968) കർക്കിടമാസം (ആഗസ്റ്റ് 1)16-ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
2025-08-01
