വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു: എസ് യുസിഐ (സി)1 min read

കേരളത്തിലെ കർഷക, തൊഴിലാളി പ്രക്ഷോഭങ്ങളുടെ പ്രാരംഭകാലം മുതൽ അതിൻ്റെ മുൻനിരയിലുണ്ടായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌ ) സംസ്ഥാനക്കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

പരമ്പരാഗത മേഖലകളിലെയും കാർഷിക രംഗത്തയും തൊഴിലാളികൾക്കിടയിൽ അവകാശബോധം വളർത്തുകയും പോരാട്ടവീര്യം ഉണർത്തുകയും ചെയ്ത പോരാളിയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും ഉയർന്ന കൂലിയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കേരളത്തിൽ സ്ഥാപിക്കാനിട വരുത്തിയത് വി എസ് അച്യുതാനന്ദനുൾപ്പടെയുള്ള നേതാക്കളുടെയും തൊഴിലാളി പ്രവർത്തകരുടെയും സമർപ്പിതമായ പ്രയത്നങ്ങളാണ്. ജന്മിമാരുടെയും മർദ്ദക ഭരണകൂടങ്ങളുടെയും അടിച്ചമർത്തലുകളെ നേരിട്ടു കൊണ്ടാണ് അദ്ദേഹം ഉൾപ്പടെയുള്ളവർ അന്ന് പ്രവർത്തിച്ചത്.
സി പി ഐ (എം ) സംസ്ഥാന സെക്രട്ടറി ,പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നൊക്കെയുള്ള നിലകളിൽ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് അച്യുതാനന്ദൻ അര നൂറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞു നിന്നു. സ്ത്രീകൾക്കെതിരെ നടന്ന നിരവധി അതിക്രമങ്ങൾക്കെതിരെയും ഭരണനേതൃതലങ്ങളിൽ നടന്ന നിരവധി അഴിമതികൾക്കെതിരെയും നിലപാട് സ്വീകരിക്കുകയും പരിസ്ഥിതിവിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്ത രാഷ്ട്രീയവ്യക്തിത്വമായിരുന്നു സഖാവ് അച്യുതാനന്ദനെന്നും പാർട്ടി സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *