സെൻ്റ് സ്റ്റീഫൻസ് കോളേജിൽ വോളിബോൾ പ്രീമിയർ ലീഗ് താരലേലം ശ്രദ്ധേയമായി1 min read

പത്തനാപുരം:പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രൊഫഷണൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ‘വോളിബോൾ പ്രീമിയർ ലീഗ് (SSCVPL) 2026’-ന്റെ താരലേലം (Auction) ഇന്ന് കോളേജിൽ ആവേശകരമായി നടന്നു.

കോളേജിലെ കായികരംഗത്തിന് പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ലീഗിനായി രജിസ്റ്റർ ചെയ്ത കളിക്കാരെ പ്ലാറ്റിനം, ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിരുന്നു. കോളേജിലെ നിലവിലുള്ള 4 ഹൗസ് ഗ്രൂപ്പുകൾ ടീം ഉടമസ്ഥാവകാശം ഏറ്റെടുത്ത് നിശ്ചിത അടിസ്ഥാന വിലയിൽ കളിക്കാരെ ലേലം വിളിച്ചാണ് ടീമുകൾ രൂപീകരിച്ചത്.

താരലേലം കോളേജ് അധ്യാപിക ഡോ. സീന ശിവദാസ് പ്രത്യേകമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സുതാര്യമായും വിജയകരമായും നടത്തിയത്. ഈ ആപ്പ് ഉപയോഗിച്ച് ഓരോ ടീമിനും തങ്ങൾക്ക് ആവശ്യമായ കളിക്കാരെ തിരഞ്ഞെടുക്കാൻ സാധിച്ചു.

ട്രയൽസിൽ പങ്കെടുത്ത് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് ലീഗിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 10-ന് ഉച്ചയ്ക്ക് ശേഷം കോളേജ് വോളിബോൾ കോർട്ടിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കോളേജ് പ്രിൻസിപ്പലുമായ ഡോ. ബിജു എ. ലീഗ് ഉദ്ഘാടനം ചെയ്യും.

ആകെ 6 ലീഗ് മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസിനും പുറമെ മികച്ച സെറ്റർ, അറ്റാക്കർ, ബ്ലോക്കർ, ലിബറോ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ എന്നിവർക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിക്കും.

ആവേശകരമായ മത്സരങ്ങൾ കാണുന്നതിനും വിദ്യാർത്ഥി താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ നാട്ടുകാരെയും കായികപ്രേമികളെയും ഉദ്ഘാടന മത്സരങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അസിസ്റ്റന്റ് പ്രൊഫസർ (കായിക വിഭാഗം) ഡോ. സുബിൻ രാജ് എസ്. എസ്. അറിയിച്ചു.