തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അതിദാരുണമാണ്. എയ്ഡഡ് സ്കൂളുകൾ പോലും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നു എന്നത് കേരളത്തിലെ വിദ്യാഭ്യാസമേഖല എത്രത്തോളം കുത്തഴിഞ്ഞു എന്നതിന്റെ തെളിവാണ്. സ്കൂൾ കെട്ടിടവും അപകടത്തിന് കാരണമായ ലൈൻ കമ്പിയും തമ്മിൽ 1.7 മീറ്റർ മാത്രമാണ് അകലം ഉണ്ടായിരുന്നത്. കുറഞ്ഞത് 2.5 മീറ്റർ എങ്കിലും അകലം വേണമെന്നാണ് ചട്ടം. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെ ലൈൻ കമ്പി കുട്ടികൾക്ക് കൈയെത്തും ദൂരത്ത് എങ്ങനെ വന്നു എന്നതിന് അധികൃതർ ഉത്തരം പറയണം. സി പി എം അനുകൂല മാനേജ്മെന്റ് ആണെന്ന് എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. സ്കൂളിന് ഫിറ്റ്നസ് ഉൾപ്പെടെ എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കണം. ഫിറ്റ്നസ് നൽകിയ അധികൃതക്കെതിരെയും മാനേജ്മെൻ്റിനെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ഗവർണറെയും ഉൾപ്പെടെ എപ്പോഴും കുറ്റം പറയുന്ന വിദ്യാഭ്യാസ മന്ത്രി, സ്വന്തം വകുപ്പിന് കീഴിലെ എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരമെങ്കിലും കുറഞ്ഞപക്ഷം പരിശോധിക്കണം. അതിനുപോലും കഴിയുന്നില്ലെങ്കിൽ രാജിവെച്ച് മാറിനിൽക്കണം. നാടിന്റെ വളർന്നുവരുന്ന തലമുറയുടെ ഭാവി നശിപ്പിക്കുന്ന നിലപാടും ഭരണവും അവസാനിപ്പിക്കണം.
മരണപ്പെട്ട മിഥുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ഇനി ഒരാൾക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അടിയന്തരമായി സംസ്ഥാന സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളുടെ നിലവാരം പരിശോധിച്ച് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്ത മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം. വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നിലപാടുകളിൽ നിന്ന് സർക്കാർ പിൻമാറണം. സ്കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പി എം ശ്രീ പോലുള്ള പദ്ധതികളോട് മുഖം തിരിക്കുന്ന
സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ജീവനും ജീവിതവും വെച്ച് രാഷ്ട്രീയം കളിക്കുകയാണ്., രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
