വി. ശിവൻകുട്ടി നുണ പ്രചരിപ്പിക്കുന്നു :രാജീവ്‌ ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയോ കൊല്ലമായി എംഎല്‍എ ആയിരിക്കുന്ന വ്യക്തി മണ്ഡലത്തിന് വേണ്ടി എന്തു ചെയ്തു എന്ന് പറയാന്‍ കഴിയാത്തതിനാലാണ് ഒരോന്നുണ്ടാക്കി പറയുന്നത്. ഇത് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രാഷ്ട്രീയമാണ്. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പോലീസിന് കൊടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ എംഎല്‍എയും മന്ത്രിയും ആയിരിക്കുന്ന ആള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം പറയേണ്ടതെന്താണ്. ജനങ്ങള്‍ എന്നെ വിജയിപ്പിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കു വേണ്ടി ഇതെല്ലാം ചെയ്തു. ഇനി വരാന്‍ പോകുന്ന കാലത്തും ഇന്നതൊക്കെ ചെയ്യും എന്ന് പറയുന്നതാണ് ജനാധിപത്യം. നുണ പറയുന്നത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഒരു രീതിയായി മാറിയിരിക്കുകയാണ്. മദ്യ വരുമാനം മാത്രം കൊണ്ട് കാര്യങ്ങൾ നടത്തുന്ന, ഏറ്റവും കൂടുതല്‍ ബാര്‍ലൈസന്‍സ് കൊടുത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍.
വികസിത കേരളം, വികസിത നേമം എന്ന പോസിറ്റീവ് അജണ്ടയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരോദിവസവും ഒരോരോ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. വിവാദങ്ങളല്ല ജനങ്ങള്‍ക്ക് ആവശ്യം. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു , എന്തു ചെയ്യാന്‍ പോകുന്നു എന്നാണ് പറയേണ്ടത്. പ്രത്യേകിച്ച് പറയാന്‍ ഒന്നുമില്ലാത്തതിനാലാണ് ഒരോ ദിവസവും ഓരോ നുണകള്‍ പടച്ചുവിടുന്നത്. എക്‌സൈസ് മദ്യം പിടിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടേയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മേയറായിരുന്ന, 10 കൊല്ലം എംഎല്‍എ ആയിരുന്ന, മന്ത്രിയായിരുന്ന ഒരു വ്യക്തി തെരഞ്ഞെടുപ്പിന് തലേദിവസം ബിജെപി മദ്യം ഒഴുക്കുന്നു, പണം വിതരണം ചെയ്യുന്നു എന്നൊക്കെയാണോ പറയേണ്ടത്. തെളിവുണ്ടെങ്കില്‍ കേസ് കൊടുക്കട്ടേ. എന്തിനാണ് നുണ പറയുന്നത്.
തോല്‍ക്കാന്‍ പോകുന്ന എംഎല്‍എമാരുടെ നിരാശയ്ക്ക് മറുപടി പറയാനല്ല, ജനങ്ങളെ കാണാനും തങ്ങളുടെ കാഴ്ചപ്പാട് അവരെ അറിയിക്കാനുമാണ് ബിജെപി മത്സരിക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.