എംഎല്‍എമാരും നഗരസഭയും ചേര്‍ന്ന് വികസിത തിരുവനന്തപുരം യാഥാര്‍ത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖര്‍1 min read

 

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. തലസ്ഥാനത്ത് നാല് എംഎല്‍എമാര്‍ ബിജെപിക്ക് ലഭിച്ചാല്‍ മികച്ച കൂട്ടുകെട്ടിലൂടെ വികസിത തിരുവനന്തപുരത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും. അതിന് വേണ്ടിയാണ് ഞാന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മേലാങ്കോട് വാര്‍ഡിലെ 158-ാം നമ്പര്‍ ബൂത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
2024ല്‍ പാര്‍ലമെന്റിലേക്ക് ഞാന്‍ മത്സരിച്ചപ്പോള്‍ വളരെക്കൂടുതല്‍ സ്‌നേഹവും വോട്ടും എനിക്ക് നല്‍കിയത് നേമം നിയോജക മണ്ഡലമാണ്. അന്ന് നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. വികസിത നേമം എന്നതാണ് എന്റെ കാഴ്ചപ്പാട്.
രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ എന്നെ വിജയിപ്പിച്ചാല്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കും. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
2018ല്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. വോട്ടിന്റെ പേരില്‍ നിലപാട് മാറ്റി ജനങ്ങളെ വിഡ്ഡിയാക്കാമെന്ന കാലമൊക്കെ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് മാറ്റത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമല പ്രക്ഷോഭകാലത്ത് മൂവായിരത്തിലധികം പേര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ബിജെപി സിറ്റി ജില്ല ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആശ അനില്‍, ദേവി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാരന്‍ നായര്‍, സെക്രട്ടറി ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *