തിരുവനന്തപുരം:രാഷ്ട്രീയ അധികാരം കയ്യാളുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് രാഷ്ട്രീയ അധാർമികതയാണെന്ന് കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന ചെയർമാനും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.രാമഭദ്രൻ പറഞ്ഞു.
കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ സംസ്ഥാന നേതൃ സമ്മേളനം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാമഭദ്രൻ.
കർമ്മശേഷിയും ഭരണ നിപുണതയും രാഷ്ട്രീയ വ്യുൽപത്തിയും പ്രകടമാക്കിയിട്ടുള്ളവരുടെ അറിവും അനുഭവസമ്പത്തും ഉൾക്കാഴ്ചയും നാടിനു പ്രയോജനപ്പെടുത്താതെ തട്ടിയകറ്റുന്നതു അനീതിയാണ്.പാർട്ടി ചുമതലകളിൽനിന്നും പാർലമെന്ററി പ്രവർത്തനങ്ങളിൽനിന്നും പ്രായത്തിന്റെ പേരിൽ ഒഴിവാക്കി 10 വർഷക്കാലം കോൾഡ് സ്റ്റോറേജിൽ ഇരിക്കേണ്ടിവന്നവർ അതിനുശേഷം ജനവിധിയ്ക്കായി രംഗത്തിറങ്ങിയപ്പോൾ ജനങ്ങൾ സർവ്വാത്മനാ അവരെ സ്വീകരിച്ചത് ജനാധിപത്യത്തിന്റെ കരുത്താണ് പ്രകടമാക്കിയത് .മറ്റുചിലർ നിസ്സഹായാവസ്ഥയിൽ ഹതഭാഗ്യരായി മാറേണ്ടിവന്ന ദുരവസ്ഥയും നമ്മുടെ മുന്നിൽ ദൃഷ്ടാന്തമായി അവശേഷിക്കുന്നു.ഇതുപോലെ അപലനിയമായ നിലപാടാണു വിദ്യാഭ്യാസം ആർജിച്ചു കർമ്മ കുശലതയും സംഘടനാശേഷിയും പ്രകടമാക്കി പോന്നിട്ടുള്ള പുതുതലമുറയിൽപ്പെട്ട പ്രതിഭാധനരായ ചെറുപ്പക്കാരെ വേണ്ടത്ര പ്രായമായില്ലന്ന കുറ്റപ്പെടുത്തി അകറ്റിനിർത്തുന്ന പ്രവണതയും രാഷ്ട്രീയപാർട്ടികൾ പുനർചിന്തനം നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ജനാധിപത്യത്തിൽ മറ്റെന്തിനേക്കാളുപരി ജനങ്ങളാണ് ആത്യന്തികമായി യജമാനന്മാരായി നിലകൊള്ളേണ്ടത്.അവരെ ആരു പ്രതിനിധീ കരിക്കണമെന്നും നയിക്കണമെന്നും നിശ്ചയിക്കുന്ന അധികാരികൾ ജനങ്ങൾ തന്നെയാണ്.അതിനു വിഘാതം സൃഷ്ടിച്ചു രാഷ്ട്രീയ- പൊതുപ്രവർത്തനരംഗത്ത് ദീർഘകാലത്തെ മഹത്തായ സേവനപാരമ്പര്യമുള്ളവരെ നിർദ്ദയം തള്ളിക്കളയുന്നതിന് കേവലം പ്രായമാത്രം മാനദണ്ഡമാക്കി വിലക്കേർപ്പെടുത്തുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ രീതിശാസ്ത്രം ജനാധിപത്യ വിരുദ്ധമാണ്.
എത്ര പ്രായം കൂടിയാലും കുറഞ്ഞാലും ആരോഗ്യവും ചിന്താശേഷിയും അനുവദനീയമാണെങ്കിൽ അവരെ നിഷ്ക്കരണം പുറത്താക്കാനുള്ള പ്രവണത രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്നത് അനുകരിണീയമായ മാതൃകയല്ലന്ന് രാമഭദ്രൻ പറഞ്ഞു.
സംസ്ഥാന കൺവീനർ അഡ്വ.വി ആർ.രാജു അദ്ധ്യക്ഷതവഹിച്ചു.കെ.രവികുമാർ,കല്ലട നാരായണപിള്ള,ജോസ് ആച്ചിക്കൽ,ഡോ.വിനീതവിജയൻ,എൻ.കെ.ഗോപാലൻ, ഷാജി ചെമ്പകശ്ശേരിയിൽ,എ കെ.സുനിൽ,ശൂരനാട് അജി,കൈരളി സുരേഷ്,പ്രമീളലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
