കുന്നത്തുകാൽ : തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന അതിതീവ്രമായ മഴയും ശക്തമായ കാറ്റും കാരണം കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഒരു വശത്തെ ചുറ്റുവേലി പൂർണ്ണമായും തകർന്നു. ഒരു മാസത്തോളമായി തൂണുകളുൾപ്പടെ പൂർണ്ണമായി തകർന്ന ഈ സുരക്ഷ വേലി കായികപ്രവർത്തനങ്ങൾക്ക് ഭീഷണിയായാണ് കിടക്കുന്നത്.
വർഷങ്ങളായി കാര്യമായ പരിചരണം കിട്ടാതിരുന്ന മതിലിന്റെ അടിഭാഗം ഇതിനകം തന്നെ തകർച്ചയുടെ പിടിയിലായിരുന്നതായി പ്രദേശവാസികൾ പറയുന്നു.ഇപ്പോൾ സ്റ്റേഡിയത്തിന്റെ പകുതിഭാഗം മാത്രമേ സുരക്ഷിതമായി ഉപയോഗിക്കാനാവൂ.അധികം പേരും കായികപരിശീലനത്തിനും മത്സരങ്ങൾക്കും ആശ്രയിക്കുന്നത് കുന്നത്തുകാലിലെ സ്റ്റേഡിയമാണ്. തീവ്രമായി പെയ്യുന്ന മഴയും കാറ്റും ചേർന്നുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനമാണ് സ്റ്റേഡിയത്തിനെയും ഗുരുതരമായി ബാധിച്ചത്.
ഇന്നാട്ടിലെ പല മേഖലയിലും ഉള്ള കായിക പ്രേമികൾ ആശ്രയിച്ചു പോന്നിരുന്ന വലിയ ഗ്രൗണ്ടായ ധനുവച്ചപുരം കോളേജ് ഗ്രൗണ്ട് പൂർണ്ണമായി മതിൽ കെട്ടി അടച്ചതിനാൽ, ഇപ്പോൾ ഭൂരിഭാഗം കായിക പ്രവർത്തകരും ആശ്രയിക്കുന്നത് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തെയാണ് . നിരവധി ക്ലബ്ബുകളുടെയും പഞ്ചായത്തിന്റെയും മിക്കവാറും എല്ലാ കലാകായിക പരിപാടികളും സാധാരണയായി ഇവിടെയാണ് ഇപ്പോൾ നടത്താറുള്ളത്. ഒരു വശത്തെ വേലി പൂർണ്ണമായും തകർന്ന് ഗ്രൗണ്ടിന് അകത്തേക്ക് കിടക്കുന്നതിനാൽ കായികപ്രേമികൾ കടുത്ത നിരാശയിലാണ്.
![]()
തകർന്നു കിടക്കുന്ന ചുറ്റുവേലി മാത്രമല്ല, സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തായി വ്യാമപരിശീലനത്തിനായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ബാറിന്റെ ഒരുവശത്തിന് താഴെയുള്ള ഭാഗം പൂർണ്ണമായും തുരുമ്പെടുത്ത് തകർന്ന അവസ്ഥയിലാണ്. അപകടകരമായി തകർന്നിരിക്കുന്ന ഈ ബാർ കായിക പരിശീലനത്തിനായി ഉപയോഗയോഗ്യമല്ലാത്ത നിലയിലാണ് നിലവിലുള്ളത്. ഇതിനെ പുനർ നിർമ്മിക്കുകയോ അറ്റകറ്റ പണികൾ നടത്തി കാര്യക്ഷമമാക്കുകയോ വേണം.![]()
![]()
അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യം, ചിലപ്പോഴൊക്കെ പരിപാടികൾ നടത്തുന്നതിലേക്കായി പഞ്ചായത്ത് അധികൃതർ സ്റ്റേഡിയം വിട്ടു നൽകാറുണ്ട്. സമയബന്ധിതമായ പരിപാടികൾക്കാണ് ഇത് നൽകാറുള്ളത് എങ്കിലും പരിപാടികൾ അവസാനിപ്പിച്ചു കഴിഞ്ഞ് സ്റ്റേഡിയം ഒഴിഞ്ഞു കൊടുക്കുന്ന സമയത്ത് ഗ്രൗണ്ടിനെ വലിയ രീതിയിൽ വികൃതമാക്കിയിട്ടുള്ള രീതിയിലും ഉപയോഗയോഗ്യമല്ലാത്ത നിലയിലുമായിരിക്കും . ഇതിനെ പിന്നീട് അവിടെ കളിക്കുവാൻ വരുന്നവരെല്ലാവരും ചേർന്ന് ശരിയാക്കുകയാണ് പതിവ്. ഇങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടായാൽ ഇത് വീണ്ടും പൂർവ്വ സ്ഥിതിയിൽ ആക്കേണ്ട ബാധ്യത സംഘാടകർക്കായി നിശ്ചയിച്ചില്ലെങ്കിൽ ഈ സ്ഥിതി തുടരുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിപാടികൾ നടത്തുന്നവർ തന്നെ സ്റ്റേഡിയം ഉപയോഗപ്രദമാക്കി, കേടുപാടുകൾ തീർത്ത് തിരികെ നൽകണമെന്നും, അല്ലാത്തപക്ഷം അതിന്റെ പുനരുപയോഗത്തിന്റെ ചെലവുകളെല്ലാം സംഘാടകരുടെ പൂർണ്ണ ഉത്തരവാദിത്തമായി തന്നെ മാറ്റണമെന്നുമാണ് നാട്ടുകാരും കായിക പ്രേമികളും പൊതുവായി ആവശ്യപ്പെടുന്നത്.![]()
![]()
ഒരുവശം പൂർണമായി തകർന്ന സുരക്ഷ വേലി ഗ്രൗണ്ടിലേക്ക് വീണു കിടക്കുന്നതിനാൽ സ്റ്റേഡിയത്തിന്റെ പകുതിഭാഗം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കാനാകുന്നത്. പൊതുവായ കായിക പരിശീലനത്തിനും കുട്ടികളുടെ കായിക വളർച്ചയ്ക്കും പ്രധാന ഘടകമായ കുന്നത്തുകാൽ സ്റ്റേഡിയം ഉടൻ തന്നെ വീണ്ടും സുരക്ഷിതവും സുഗമവുമായ ഇടമായി മാറ്റണമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. എത്രയും വേഗം പഞ്ചായത്ത് അധികൃതർ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി പൂർണ്ണമായും ഉപയോഗയോഗ്യമാക്കണമെന്ന് നാട്ടുകാരും കായിക പ്രേമികളും അടിയന്തരമായി ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.![]()
ഈ ആവശ്യങ്ങളെല്ലാം ബന്ധപ്പെട്ട അധികൃതർ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും കായിക പ്രേമികളും ആവശ്യപ്പെടുന്നു.
