തിരുവനന്തപുരം :കേരള പി.എസ്.സി നിയമനങ്ങൾക്ക് നിലവിലുള്ള ഉയർന്ന പ്രായപരിധി (Upper Age Limit) കാലോചിതമായി പരിഷ്കരിക്കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യവുമായി ഉദ്യോഗാർത്ഥി കളുടെ കൂട്ടായ്മ.
കേരളത്തിലെ ദേശീയ പെൻഷൻ സമ്പ്രദായം (NPS) – സർക്കാർ ഉത്തരവ് (G.O. (P) No. 20/2013/Fin Dated 07.01.2013)
കേരള സംസ്ഥാന സർക്കാർ സർവീസിൽ 2013 ഏപ്രിൽ 1-ന് ശേഷം നിയമിതരായ ജീവനക്കാർക്കായി ദേശീയ പെൻഷൻ സമ്പ്രദായം (National Pension System – NPS) നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രധാന ഉത്തരവാണിത്.
ഉത്തരവിന്റെ ലക്ഷ്യം
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിലുണ്ടായിരുന്ന നിർവചിക്കപ്പെട്ട ആനുകൂല്യ പെൻഷൻ പദ്ധതിക്ക് (Statutory Pension Scheme – അതായത് പഴയ പെൻഷൻ) പകരമായി, നിർവചിക്കപ്പെട്ട വിഹിത പെൻഷൻ പദ്ധതി (Defined Contribution Pension Scheme – NPS) നടപ്പിലാക്കുക എന്നതായിരുന്നു ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
• പുതിയ നിയമനം: 2013 ഏപ്രിൽ 1-നോ അതിനുശേഷമോ സംസ്ഥാന സർക്കാർ സർവീസിൽ പുതുതായി നിയമിതരായ എല്ലാ ജീവനക്കാർക്കും ഈ പദ്ധതി ബാധകമാണ്.
• പഴയ പെൻഷൻ നിർത്തലാക്കൽ: ഈ ഉത്തരവ് പ്രബല്യത്തിൽ വന്നതോടെ, 2013 ഏപ്രിൽ 1 മുതൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (Old Pension Scheme) ബാധകമല്ലാതായി.
സാധാരണ വിരമിക്കൽ പ്രായം (Normal Retirement Age)
2013 ഏപ്രിൽ 1-ന് നാഷണൽ പെൻഷൻ സ്കീമിന്റെ ഭാഗമായി G.O. (P) No. 20/2013/Fin Dated 07.01.2013 എന്ന ഉത്തരവ് പ്രകാരം കേരള സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നു. പദ്ധതി നിലവിൽ വരുമ്പോൾ 56 വയസ്സായിരുന്നു സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം; പി.എസ്.സി (PSC) വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസ്സും.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം 2013 ഏപ്രിൽ 1-ന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി വർദ്ധിപ്പിച്ചു. എന്നാൽ, പി.എസ്.സി വഴി അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി ഇന്നും 36 വയസ്സായി തുടരുകയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിച്ച സാഹചര്യത്തിൽ, അപേക്ഷിക്കാനുള്ള പ്രായപരിധിയും ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതുണ്ട്.
ഇതനുവദിച്ചു കിട്ടുന്നതിനായി കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാർത്ഥികൾ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾ പി. & എ.ആർ.ഡി (P & ARD) വകുപ്പിന് നിവേദനം നൽകുകയും, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒറിജിനൽ ആപ്ലിക്കേഷൻ (OA No: 954/2025) ഫയൽ ചെയ്യുകയും ചെയ്തു.
2025 ജൂൺ 04-നാണ് ട്രൈബ്യൂണൽ മുമ്പാകെ ഹർജി സമർപ്പിച്ചത്. ഇതിന്റെ വിധി 2025 ജൂൺ 05-ന് വരികയും ഉത്തരവിന്റെ പകർപ്പ് 2025 ജൂൺ 24-ന് ബഹുമാനപ്പെട്ട കേരള ഗവൺമെൻറിനും കേരള പി എസ് സി ക്കും അയച്ചു കൊടുത്തു. പരാതിക്കാരെ രണ്ട് മാസത്തിനകം ഹിയറിങ്ങിന് വിളിക്കണമെന്നും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുമാണ് വിധിയിൽ വ്യക്തമാക്കിയത്.
ചില കാരണങ്ങളാൽ ഹിയറിംഗ് വൈകുകയും ഒടുവിൽ 2025 ഒക്ടോബർ 16-ന് നടക്കുകയും ചെയ്തു. ഹിയറിംഗ് റിപ്പോർട്ട് തയ്യാറാക്കി പി. & എ.ആർ.ഡി (P&ARD File No: RuleA1/64/2025) വഴി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.
ഇതൊരു നയപരമായ തീരുമാനമായതിനാൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാൽ, ട്രൈബ്യൂണൽ ഉത്തരവ് കൂടി പരിഗണിച്ച്, നിലവിലെ ഉയർന്ന പ്രായപരിധി 36-ൽ നിന്ന് 40 വയസ്സായി വർദ്ധിപ്പിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് അർഹമായ അവസരം ഉറപ്പാക്കുന്നതിനുള്ള അടിയന്തരവും അനുകൂലവുമായ തീരുമാനം കൈക്കൊള്ളണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.
(2) മറ്റ് സംസ്ഥാനങ്ങളിലെ മാതൃക: രാജ്യത്തെ തൊഴിലില്ലായ്മയും നിലവിലെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളും പബ്ലിക് സർവീസ് കമ്മീഷൻ (PSC) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തർപ്രദേശ് (40) തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങൾ ഉദ്യോഗാർത്ഥികളുടെ താല്പര്യം മുൻനിർത്തി ഇത്തരമൊരു തീരുമാനം കൈക്കൊണ്ട സാഹചര്യം കേരളത്തിലും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
(3) നയപരമായ തീരുമാനം: 1978-ലെ നിയമങ്ങൾ
1978-ൽ തൊഴിലില്ലായ്മ കൂടിയ സാഹചര്യത്തിലാണ് സർക്കാർ ‘കേരള പബ്ലിക് സർവീസസ് (പ്രായപരിധി വർദ്ധിപ്പിക്കൽ) നിയമം’ കൊണ്ടുവന്നത്. ഈ നിയമം വഴി ജോലിക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി അഞ്ച് വർഷം കൂട്ടി നൽകി. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ മാറ്റം വരുത്താം എന്നൊരു രീതിക്ക് ഇത് തുടക്കമിട്ടു.
(4)2012 ൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ വിരമിക്കൽ പ്രായം 55-ൽ നിന്നും 56 വയസ്സായി ഉയർത്തി.വിരമിക്കൽ പ്രായം വർദ്ധിപ്പിച്ച സാഹചര്യത്തിൽ, പി.എസ്.സി (PSC) വഴിയുള്ള നേരിട്ടുള്ള നിയമനങ്ങളുടെ ഉയർന്ന പ്രായപരിധിയിലും ഒരു വർഷത്തെ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു.വിരമിക്കൽ പ്രായം വർദ്ധിപ്പിച്ചതിലൂടെ ഉദ്യോഗാർത്ഥികൾക്കുണ്ടായേക്കാവുന്ന പ്രായപരിധി തടസ്സങ്ങൾ നീക്കി അവർക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ വിജ്ഞാപനത്തിന്റെ ലക്ഷ്യം.
(5) കോവിഡ് ആഘാതം: കോവിഡ് മഹാമാരിയെത്തുടർന്ന് പി.എസ്.സി (PSC) പരീക്ഷകൾ ദീർഘകാലം മുടങ്ങുകയും വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നത് ഗണ്യമായി വൈകുകയും ചെയ്തു. തൽഫലമായി, പ്രായപരിധിയുടെ അവസാന ഘട്ടത്തിലുണ്ടായിരുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള വിലപ്പെട്ട വർഷങ്ങൾ നഷ്ടമായിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ സാഹചര്യം പരിഗണിച്ചും പ്രായപരിധി വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
(6) പുതിയ പരീക്ഷാ രീതി: പി.എസ്.സി. പുതുതായി നടപ്പിലാക്കിയ കോമൺ പ്രിലിമിനറി പരീക്ഷാ സമ്പ്രദായം (Common Preliminary Examination) മൂലം പരീക്ഷാ നടപടികൾ പൂർത്തിയാക്കാൻ മുൻപത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷ, കായികക്ഷമതാ പരിശോധന/അഭിമുഖം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ നിയമന നടപടികൾ കടന്നുപോകുമ്പോൾ വർഷങ്ങൾ നഷ്ടമാകുന്നു. ഇത് തങ്ങളുടെ അവസാന അവസരത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ നിയമന സാധ്യതകളെ ഇല്ലാതാക്കുന്നു. അതിനാൽ പ്രായപരിധി വർദ്ധിപ്പിക്കുന്നത് ഇവർക്ക് വലിയ ആശ്വാസമാകും.
(7) ട്രൈബ്യൂണൽ ഉത്തരവ്: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം (OA No: 954/2025), പി.എസ്.സി പ്രായപരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കേണ്ടതുണ്ട്. 2025 ഒക്ടോബർ 16-ന് നടന്ന ഹിയറിംഗ് റിപ്പോർട്ട് ഇപ്പോൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവർകളുടെ നേരിട്ടുള്ള പരിഗണനയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി മുൻനിർത്തി ഈ റിപ്പോർട്ടിൽ അനുകൂലമായ ഒരു തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗാർത്ഥി കൾ പറയുന്നു.
മേൽപ്പറഞ്ഞ സാഹചര്യങ്ങളും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവും മുൻനിർത്തി, കേരള പി.എസ്.സി. പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി താഴെ പറയുന്ന രീതിയിൽ പുനർനിശ്ചയിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന അഭ്യർത്ഥനയാണ് ഇവർക്കുള്ളത്.
• ജനറൽ വിഭാഗം: 36-ൽ നിന്നും 40 വയസ്സായി വർദ്ധിപ്പിക്കുക.
• സംവരണ വിഭാഗങ്ങൾക്ക് ആനുപാതികമായി OBC വിഭാഗം: 39-ൽ നിന്നും 43 വയസ്സായി വർദ്ധിപ്പിക്കുക.
• SC/ST വിഭാഗം: 41-ൽ നിന്നും 45 വയസ്സായി വർദ്ധിപ്പിക്കുക.
14 ജില്ലകളിലെയും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ സർക്കാരിന്റെ ഈ നയപരമായ തീരുമാനം സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. അതിനാൽ ഈ വിഷയത്തിൽ അടിയന്തരവും അനുകൂലവുമായ ഒരു ഉത്തരവ് ഇവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇതൊരു രാഷ്ട്രീയമായ ആവശ്യമല്ല; മറിച്ച്, ഒരു തലമുറയുടെ തൊഴിൽ സ്വപ്നങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമാണ്. 14 ജില്ലകളിലെയും ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ഈ തീരുമാനം സർക്കാർ അടിയന്തരമായി കൈക്കൊള്ളുമെന്ന് ഇവർ പ്രത്യാശിക്കുന്നതായും. നീതിപൂർവ്വമായ ഈ ആവശ്യത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന അഫ്രോസ് കണ്ണൂർ
അനു മാത്യു ഇടുക്കി, രജിത തിരുവനന്തപുരം, ജ്യോതി കൊല്ലം,
രഞ്ജിത്ത് ആർ കോട്ടയം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
