കാൻസർ രോഗികൾക്ക് കൂടുതൽ ഉപകാര പ്രദമാകുന്ന തരത്തിൽ ഇവയുടെ ഗവേഷണങ്ങൾ മാറണമെന്നും നവീകരണമുണ്ടാകണമെന്നും ചികിൽസാ ചെലവിൽ ഗണ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പലപ്പോഴും അടിസ്ഥാന ലാബ് സയൻസിനും ക്ലിനിക്കൽ ആപ്ലിക്കേഷനും ഇടയിൽ വലിയ ന്യൂനത കണ്ടുവരുന്നുണ്ട്. ഈ പ്രശ്നങ്ങൾ മറികടക്കാനായി അടിസ്ഥാന ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, ആഗോള ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള മികച്ച രീതികൾ നാം അവലംബിക്കണം, പുതു ടെക്നോളജികൾ ഉപയോഗിക്കണം, സാമ്പത്തിക സഹായം കൂട്ടണം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഭക്ഷണ ശീലങ്ങളിൽ വരുന്ന മാറ്റങ്ങൾ കേരളത്തിലെ അർബുദ രോഗ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു, റെഡ്മീറ്റിൻ്റെ അമിത ഉപയോഗം കോളോ റെക്ടൽ കാൻസറിന് പ്രധാന കാരണമാകുന്നു. കേരളത്തിൽ ലിവർ കാൻസർ രോഗികളുടെ വർദ്ധന ഉണ്ടാകുന്നു എന്നത് ഗൗരവമായി കാണണം. ജീവിതശൈലിയിലെ മാറ്റങ്ങൾ ഇവയ്ക്കുള്ള കാരണമായി കാണുവാൻ കഴിയും. അതിനാൽ രോഗപ്രതിരോധമർഗ്ഗങ്ങളും, പൊതുജനാരോഗ്യസംരക്ഷണ മാർഗ്ഗങ്ങളും ശരിയായ ജീവിതശൈലിമാർഗ്ഗങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തുവാനായി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം. പുരുഷൻമാരിൽ ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരൾ എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾ വളരെ കൂടുതലാണ്, സ്ത്രീകളിൽ സ്തനാർബുദവും തൈറോയിഡ് കാൻസറുമാണ് മുന്നിൽ . ഇങ്ങനെ പോയാൽ 2030 ആകുമ്പോഴേക്കും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജീവിതശൈലീ മാറ്റങ്ങൾ, തൊഴിൽപരമായ കാരണങ്ങൾ, സിഗററ്റ് വലി, വെറ്റില മുറുക്ക്, മദ്യപാനം, പരിചരണത്തിലെ പരിമിതികൾ എല്ലാം കാൻസർ വർദ്ധനവിന് കാരണമാകുന്നു. ആരോഗ്യവിദഗ്ദ്ധർ അല്ലാത്തവരുടെ ചികിൽസയും ഉപദേശവും തേടുന്നവരുടെ എണ്ണം കേരളത്തിലും കുറവല്ല എന്നത് ഒരു യാതാർത്ധ്യമാണ്, വ്യാജചികിൽസ അപകടമാണ്.
ഏകദേശം അറുപത് ശതമാനം അർബുദവും പ്രതിരോധിക്കാൻ സാധിക്കുന്നവയാണ്
ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുക, രോഗലക്ഷണ ങ്ങളെ അവഗണിക്കാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിൽസ തേടുക, ചികിൽസ പൂർത്തിയാക്കുക എന്നിവയിലൂടെ ഈ അസുഖത്തെ അതിജീവിക്കുവാൻ കഴിയും. കേരളത്തിൻ്റെ ഓരോ പ്രദേശത്തും ഓരോ തരം കാൻസറുകൾ കൂടുതലായി കാണപ്പെടുന്നതിൻ്റെ കാരണം കണ്ടെത്താനായി വിശദമായ പഠനം വേണം. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും കാൻസറിനുള്ള മരുന്നുകൾ ലഭ്യമാണ്. അതാത് മേഖലകളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ ഉപദേശം അനുസരിച്ച് പ്രതിരോധവും ചികിൽസയും തേടണം. ഓരോ തരം കാൻസറിനും ഓരോ ചികിൽസാ സമ്പ്രദായകളിലും മരുന്നുകൾ ലഭ്യമാണ്, ഏതാണ് കൂടുതൽ അനുയോജ്യം എന്നത് ചിന്തിച്ച് ചികിൽസിച്ചാൽ രോഗികൾക്ക് കൂടുതൽ ഗുണം ലഭ്യമാകും.
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ ആരോഗ്യഭാരതി
