തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അവരവരുടെ വീട്ടഡ്രസുകളിൽ നൽകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന പോസ്റ്റൽ ബാലറ്റുകൾ ഇടത് സർവ്വീസ് സംഘടനകളുടെ നേതാക്കളെത്തി കൈക്കലാക്കുകയാണ്. സ്വന്തം വോട്ട് ചെയ്യാൻ സർക്കാർ ജീവനക്കാരെ ഇവർ അനുവദിക്കുന്നില്ല. സ്ഥലം മാറ്റം അടക്കമുള്ള ഭീഷണി മുഴക്കിയാണ് പലരിൽ നിന്നും ബാലറ്റുകൾ സർവ്വീസ് സംഘടന നേതാക്കൾ വാങ്ങി വോട്ട് രേഖപ്പെടുത്തുന്നത്. നിരവധി വനിതാ ജീവനക്കാർ അടക്കമുള്ളവർ ഇത്തരത്തിൽ ഭയന്ന് സ്വന്തം ബലറ്റുകൾ ഇവർക്ക് നൽകിക്കഴിഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ ജീവനക്കാരുടേയും പോസ്റ്റൽ ബാലറ്റുകൾ വീടുകളിൽ നൽകുന്നതാണ് നല്ലത്. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് കൂടി പോസ്റ്റൽ ബാലറ്റ് സംവിധാനം നൽകണമെന്നും ജനാധിപത്യ പ്രക്രിയയിൽ ആരെയും ഒഴിവാക്കരുതെന്നും അഡ്വ.എസ്. സുരേഷ് പ്രസ്താവിച്ചു.
2025-12-05
