പ്രായമായവരിലും, മറ്റു അനുബന്ധ രോഗം അഥവാ പഴകിയ രോഗം ഉള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഇപ്പോൾ മഴക്കാലമായതിനാലും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു എന്നതിനാലും കോവിഡിനോടൊപ്പം മറ്റ് ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെ. എൻ 1,എൽ എഫ് 7,എക്സ്എ ഫ്ജി എന്നിവയാണ് കേരളത്തിൽ കൂടുതലായി കാണാപ്പെടുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതൽ അല്ലെങ്കിലും വ്യാപനശേഷി കൂടുതലാണ്. സംസ്ഥാനത്ത് ഏകദേശം 2300 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഏകദേശം പത്തോളം മരണങ്ങളും സംഭവിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണ് കോവിഡ് രോഗികളുടെ സംഖ്യ കൂടുതലുള്ളത്. ജലദോഷം, ചുമ, തൊണ്ട വേദന, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കോവിഡ് രോഗത്തിൻ്റേതാകാം. അനാവശ്യമായി കൂട്ടം കൂടി നിൽക്കുന്നതും, യോഗങ്ങളിൽ പങ്കെടുക്കുന്നതും, ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കണം. കോവിഡ് രോഗത്തിനെതിരെയുള്ള എല്ലാ പ്രതിരോധ നടപടികളും നാം നിർബന്ധമായും പാലിക്കണം.
ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടുകളും കൊതുകിൻ്റെ വ്യാപനവും ഇക്കാലത്ത് ജലജന്യ രോഗങ്ങളും മറ്റു പകർച്ചവ്യധികളായ എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, വയറുകടി, ഡെങ്കു ഫിവർ, ചിക്കുൻ ഗുനിയ എന്നീ രോഗങ്ങൾക്ക് കാരണമാകുന്നു.
എലിപ്പനിക്കെതിരെ നിതാന്ത ജാഗ്രത വേണം.
കെട്ടിക്കിടക്കുന്ന
വെള്ളത്തിൽ ഇറങ്ങുന്നതും, കുട്ടികൾ വെള്ളത്തിൽ കളിക്കുന്നതും എലിപ്പനി അഥവാ ലെപ്റ്റോ സ്പൈറോസിസ് രോഗത്തിന് കാരണമാകുന്നു. എലിയുടെയും മറ്റു രോഗാണുവാഹകരായ ജന്തുക്കളുടെയും മൂത്രം കലർന്ന ജലാശയങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിലുള്ള ലെപ്റ്റോസ്പൈറ എന്ന രോഗാണു എലിപ്പനിക്ക് കാരണമാകുന്നു
*പ്രതിരോധ മാർഗ്ഗങ്ങൾ*
*തിളപ്പിച്ചാറിയ ശുദ്ധ ജലം മാത്രം ഉപയോഗിക്കുക
*തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം പടെ ഒഴിവാക്കുക
*ഭക്ഷണസാധനങ്ങൾ വൃത്തിയായി കഴുകി മാത്രം ഉപയാഗിക്കുക. നന്നായി പാകം ചെയ്ത ചൂടോടു കൂടിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക, ഇവ അടച്ചു സൂക്ഷിക്കുക
*ജല സംഭരണികൾ അടച്ചുവയ്ക്കണം
*ചിരട്ടകൾ, ചെടിച്ചട്ടികൾ, പൊട്ടിയ പാത്രങ്ങൾ ഇവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, വെള്ളം കെട്ടിക്കിടന്ന് കൊതുകിൻ്റെ കൂത്താടികൾ വളരാൻ അനുവദിക്കരുത്.
*അശുദ്ധ ജലം അഥവാ മലിനജലം ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കണം.
*കൊതുകുകടി ഏൽക്കാതിരിക്കുവാനുള്ള മുൻ കരുതലുകൾ സ്വീകരിക്കണം
*അസുഖം ഉള്ളവർ രോഗം ഇല്ലാത്തവരുമായി സമ്പർക്കത്തിൽ വരരുത്, തൂവാലയോ മാസ്ക്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
** പകർച്ചവ്യാധികൾ ഉണ്ടായാൽ അംഗീകൃത ഡോക്ടർമാരിൽ നിന്ന് ചികിൽസ തേടുക. സ്വയം ചികിൽസ, വ്യാജചികിൽസ ഇവ ഒഴിവാക്കുക. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും പ്രതിരോധമരുന്നുകൾ ലഭ്യമാണ്, ഇവ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ ഒരു പരിധിവരെ കോവിഡും മറ്റു രോഗങ്ങളും നമുക്ക് പ്രതിരോധിക്കാം.
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.
