തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് എന്ന യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിരുന്നില്ലെന്നും ഒരു കാലത്തും ബിജെപിയുടെ പ്രവര്‍ത്തകനായിരുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത്-വലത് മുന്നണികള്‍ ആനന്ദിന്റെ ആത്മഹത്യ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഒരു ഘട്ടത്തിലും ആനന്ദിന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. ബിജെപി ജനാധിപത്യ രീതിയിലാണ് സ്ഥാനാര്‍ത്തികളെ തെരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും. വാര്‍ഡ് തലത്തില്‍ നിന്നും ആനന്ദിന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല.
ഇന്‍ഡി മുന്നണിയുടെ ഭാഗമായ ഉദ്ദവ് താക്കറയുടെ ശിവസേനയില്‍ അംഗത്വമെടുത്തയാളാണ് ആനന്ദ്. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം നില്‍ക്കുന്ന ശിവസേനയിലാണ് ആനന്ദ് അഗത്വമെടുത്തിരിക്കുന്നത്. പരാജയ ഭീതി മുന്നില്‍ക്കണ്ട് ഇരുമുന്നണികളും ആനന്ദിന്റെ മരണം ബിജെപിക്കെതിരായ കുപ്രചാരണത്തിനായി ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ബിജെപിക്ക് മേല്‍കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ നിന്നുള്ള വിഭ്രാന്തിയാണ് കെ. മുരളീധരനും ശിവന്‍കുട്ടിയ്ക്കും.
കെപിസിസി ഓഫീസ് വ്യഭിചാര കേന്ദ്രമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ വിമര്‍ശിക്കാന്‍ വരേണ്ടതില്ല. അച്ഛന്മാരുടെ തണലില്‍ രാഷ്ട്രീയ നേതാവായ വ്യക്തിയല്ല ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ലോകം മുഴുവന്‍ അറിയപ്പെടുന്ന ടെക്‌നോക്രാറ്റ് എന്ന നിലയിലാണ് രാഷ്ട്രീയത്തില്‍ വന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ മാന്ത്രിയായും പ്രവര്‍ത്തിച്ചയാളാണെന്ന കാര്യം കോണ്‍ഗ്രസ് മറന്ന് പോകുന്നു. രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല. അച്ഛന്റെ തണലിലല്ല. രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിക്കാന്‍ കെ. മുരളീധരന്‍ അഞ്ച് ജന്മം ജനിക്കേണ്ടിവരുമെന്നും സുരേഷ് പറഞ്ഞു. പീഡനാരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിന്റെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാന്‍ ധൈര്യം മുരളീധരനും കെപിസിസിക്കും ഉണ്ടോ? കോണ്‍ഗ്രസ് ഇന്നും രാഹുലിനെ ചുമന്നു നടക്കുകയല്ലേ്. കോണ്‍ഗ്രസിന്റെ ഒരു എംപിയുടെ മകളെ പീഡിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തെ രാജി വെയ്പ്പിക്കാന്‍ മുരളീധരനായിട്ടുണ്ടോ. ഇങ്ങനെയുള്ളവര്‍ക്ക് ബിജെപിയെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്. മുരളീധരന്‍ ചാരിത്ര്യ പ്രസംഗം നടത്തരുതെന്നും സുരേഷ് പറഞ്ഞു.
ഡിവൈഎഫ്‌ഐ നേതാവ് പത്തനംതിട്ടയില്‍ എങ്ങനെ മരിച്ചു എന്ന് വി. ശിവന്‍കുട്ടി ഉത്തരം പറയണം. സിപിഎം ഓഫീസില്‍ യുവതി ആത്മഹത്യ ചെയ്തത് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കണോ. ടി. പി. ചന്ദ്രശേഖറനെ കൊന്നവരാണ് സിപിഎം. മരിച്ചു വീഴുന്ന പ്രവര്‍ത്തരുടെ ശവശരീരം വെച്ച് രാഷ്ട്രീയം കളിക്കാന്‍ ബിജെപിയുടെ സംസ്‌കാരം അനുവദിക്കില്ല. പ്രവര്‍ത്തകരാണ് ഞങ്ങളുടെ മൂലധനം അവരുടെ ജീവിതം വെച്ച് പന്താടുന്നവരല്ല സുരേഷ് കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍. ശ്രീലേഖ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, നേതാക്കളായ നെടുമങ്ങാട് രാജേഷ്, റീജ വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
