തിരുവനന്തപുരം :പിണറായി വിജയൻ സർക്കാറിന്റെ അവസാന നാളുകളിൽ അനധികൃതമായി നിയമനം നൽകി പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്ന നിലപാട് കേരളത്തിലെ ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണ് എന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് . സർക്കാരിൻ്റെ ഈ യുവജന വഞ്ചന കണ്ടില്ല എന്ന നടിക്കുന്ന കേരളത്തിലെ ഇടത് -വലത് യുവജന സംഘടനകൾ കേരളത്തിന് അപമാനമാണ്
കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിലും, ബോർഡുകളിലും ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ താൽക്കാലിക നിയമനക്കാരായി തിരുകിക്കയറ്റിയ പാർട്ടി സഖാക്കളെയാണ് സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ശുപാർശ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് .കേരളത്തിലെ ലക്ഷക്കണക്കിന് യുവതി – യുവാക്കൾ പഠനം കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലും, പി.എസ്.സി ഓഫീസുകളും കയറിയിറങ്ങിയിട്ടും സർക്കാർ യുവാക്കളോട് കാണിക്കുന്ന ഈ അനീതി കണ്ടില്ല എന്ന് നടിക്കാൻ യുവമോർച്ചയ്ക്ക് സാധിക്കില്ല. വളരെ ശക്തമായ പ്രതിരോധം ഇത്തരം അനധികൃത തിരുകികയറ്റലുകൾക്കെതിരായി വരും ദിവസങ്ങളിൽ യുവമോർച്ച കേരളത്തിൽ സൃഷ്ടിക്കുമെന്ന് സർക്കാറിന് മുന്നറിയിപ്പ് നൽകുകയാണ്.
