എല്ലാ വർഷവും ഫെബ്രുവരി 10, പോഷകാഹാരം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ പയർവർഗ്ഗങ്ങളുടെ പ്രാധാന്യം എല്ലാവരുടേയും ശ്രദ്ധയിൽ എത്തിക്കാറായി ലോക പയർ വർഗ്ഗ ദിനം ആചരിക്കപ്പെടുന്നു.
2019 മുതൽ ആചരിക്കപ്പടുന്ന ഈ ദിനത്തിൻ്റെ ഈ വർഷത്തെ സന്ദേശം *ലോകത്തിലെ പയർവർഗ്ഗങ്ങൾ എളിമയിൽ നിന്ന് മികവിലേക്ക്* എന്നതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പ്രോൽസാഹിപ്പിക്കുക, സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങളെ പിന്തുണക്കുക, കർഷകരുടെ ഉപജീവന മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുക, പോഷകാഹാരക്കുറവ് കുറയ്ക്കുക, മണ്ണിൻ്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ഭക്ഷണത്തിനായി
വിളവെടുക്കുന്ന പയർവർഗ്ഗസസ്യങ്ങളുടെ ഉണങ്ങിയ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് പയർവർഗ്ഗങ്ങൾ. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇവ.
കടല, പയർ, ഉണക്കപയർ(കിഡ്നിപയർ,കറുത്ത പയർ) ഉണങ്ങിയ പയർ,ലുവിൻസ് ഇവ ഉദാഹരണങ്ങളാണ്
ഓരോ തരം പയർ വർഗ്ഗങ്ങളും മനുഷ്യൻ്റെ ആരോഗ്യസംരക്ഷണത്തിന് അവശ്യം വേണ്ടതാണ്. ഇവയിൽ സസ്യാധിഷ്ഠിത പ്രോട്ടീൻ കൂടുതലാണ്, ഭക്ഷണ നാരുകളുടെ സമ്പന്നമായ ഉറവിടമാണ്, കൊഴുപ്പ് കുറവാണ്, ഇക്കാരണങ്ങളാൽ പ്രമേഹം, അധിക കൊളിസ്റ്ററോൾ എന്നിവയെ നിയന്ത്രിക്കുന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു, അമിതഭാരം നിയന്ത്രിക്കുന്നു.
സുസ്ഥിര കൃഷിയിൽ പയർ വർഗ്ഗത്തിന് ഒരു പ്രധാന പങ്ക് ഉണ്ട്. പാരിസ്ഥിതികമായി ചിന്തിച്ചാൽ നൈട്രജൻ മണ്ണിൽ ഉറപ്പിക്കുന്നു, മണ്ണിൻ്റെ ഫലഭൂയിഷ്ഠതയും ജൈവവൈവിധ്യവും മെച്ചപ്പെടുത്തുന്നു, മറ്റ് പല വിളകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് കുറച്ചു വെള്ളം മാത്രമേ ആവശ്യമുള്ളു, കാലാവസ്ഥയുമായി ചേരുന്ന വിളകൾ ആയതിനാൽ ഇവയെ കാലാവസ്ഥാ സ്മാർട്ട് വിളകൾ എന്ന് വിളിക്കപ്പെടുന്നു.
കുട്ടികൾക്കും, വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും, പ്രായമായവർക്കും എല്ലാം പയർവർഗ്ഗങ്ങൾ ആരോഗ്യസംരക്ഷണത്തിനായി നിത്യേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.
ഡോക്ടർ.ഡി. രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.
