വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയെന്ന് പോലീസ്1 min read

24/6/23

അഗളി :വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്. അതിനാൽ വിദ്യയെ ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയതായാണ് വിവരം. സെെബര്‍ വിദ‌ഗ്ധര്‍ വിദ്യയുടെ ഫോണുകള്‍ പരിശോധിച്ചിരുന്നു. കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ഇന്ന് പരിഗണിക്കും.

മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021വരെ താത്‌കാലിക അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ രേഖയാണ് വിദ്യ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുള്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. പിന്നീട് കേസ് അഗളി പൊലീസിന് കെെമാറി.

അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ വിദ്യയെ ഒളിവില്‍ കഴിയാൻ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിദ്യ ഒളിവില്‍ പോയിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത്. മാദ്ധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് വിദ്യയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. മുന്‍ എസ്‌എഫ്‌ഐ നേതാവായതുകൊണ്ട് മാത്രമാണ് വിദ്യയെ വേട്ടയാടുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

Leave a Reply