തിരുവനന്തപുരം :വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട് പഞ്ചായത്തുകളിൽ എ.ആർ.ഡബ്ലിയു.എസ്.എസ്, സ്റ്റേറ്റ് പ്ലാൻ, ജൽ ജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയായ ആനാട്, കുറുപുഴ,പാലോട് വില്ലേജുകൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു.
ആനാട്, നന്ദിയോട് പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പാലോട് ഇൻ ടേക്ക് വെൽ പമ്പ് ഹൗസ്, 11.50 എംഎൽടി ശേഷിയുള്ള അത്യാധുനിക ജലശുദ്ധീകരണശാല, ആനക്കുഴിയിലെ പത്തുലക്ഷം ലിറ്റർ ജലസംഭരണശേഷിയുള്ള ടാങ്ക് എന്നിവ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളാണ്. നന്ദിയോട് പഞ്ചായത്തിൽ 63 കിലോമീറ്റർ നീളത്തിലുള്ള ജലവിതരണ ശൃംഖല, ആനക്കുഴിയിലെ 10 ലക്ഷം ലിറ്റർ ജലസംഭരണിയിൽ നിന്നും നന്ദിയോട് പഞ്ചായത്തിലേക്കുള്ള ജലവിതരണ ശൃംഖല, ജലജീവൻ മിഷൻ ആനാട്, കൂപ്പ ഉപരിതല ജലസംഭരണിയിൽ നിന്നും ആനാട് പഞ്ചായത്തിലേക്കുള്ള ജലവിതരണ ശൃംഖല, ആനാട്, നന്ദിയോട് പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ഗാർഹിക കുടിവെള്ള കണക്ഷനുകൾ എന്നിവ പ്രവർത്തന സജ്ജമായി.
16 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മൂന്നാം ഘട്ടമായി ആനാട് നന്ദിയോട് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കണക്ഷൻ എത്തിക്കുന്നതിനായി 79.58 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ 6.25 ലക്ഷം ലിറ്റർ ശേഷയുള്ള ടാങ്കും ഗാർഹിക കണക്ഷനുകളും പൂർത്തിയാക്കി.
യോഗത്തിൽ ഡി.കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുമാരി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
