വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ പ്രശ്‌നങ്ങൾ പഠിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി:മന്ത്രി വി ശിവൻകുട്ടി1 min read

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് ചുമട്ടു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നു എന്ന ട്രേഡ് യൂണിയനുകളുടെ പരാതിയെത്തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. കസ്റ്റംസ് അധികാര പരിധിയിൽ വരുന്ന മേഖലകളിൽ ചുമട്ടു തൊഴിലാളികളുടെ നിലവിലുള്ള ജോലി തുടരാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്നതാണ് പ്രധാന അവശ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, ചുമട്ടു തൊഴിലാളികൾക്ക് അർഹമായ തൊഴിൽ നൽകുമെന്ന് വിഴിഞ്ഞം പോർട്ട് അധികൃതർ യോഗത്തിൽ അറിയിച്ചു.

ഈ വിഷയത്തിൽ വിശദമായ പഠനം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ലേബർ കമ്മീഷണർ കെ.എം. സുനിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ ഏതൊക്കെ തൊഴിലാളികൾ ഏതൊക്കെ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നു, ആകെ എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നു, എത്ര കോൺട്രാക്ടർമാരുടെ കീഴിലാണ് ജോലി ചെയ്യുന്നത്, മുമ്പ് തൊഴിൽ ചെയ്തിരുന്ന മേഖലകളിൽ ഏതെങ്കിലും വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടോ, ഹെഡ് ലോഡ് വർക്കേഴ്‌സ് ആക്ട് പ്രകാരം നിലവിൽ എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പഠനം നടത്തുക.അത് വരെ നിലവിലെ രീതി തുടരാൻ മന്ത്രി നിർദേശിച്ചു.

യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി ഐ എ എസ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ് അയ്യർ, അഡീഷണൽ ലേബർ കമ്മീഷണർ കെ.എം. സുനിൽ, വിഴിഞ്ഞം തുറമുഖ അധികൃതർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *