ഹിജാബ് വിഷയം ;സ്കൂളിന് ഗുരുതര വീഴ്ച്ച സംഭവിച്ചു :വി. ശിവൻകുട്ടി1 min read

തിരുവനന്തപുരം:ഹിജാബ് വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത്‌ നിന്നും ഗുരുതര വീഴ്ച്ച ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

Fb പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.

വി. ശിവൻകുട്ടിയുടെFB പോസ്റ്റ്‌

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർത്ഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തും.

Leave a Reply

Your email address will not be published. Required fields are marked *