തിരുവനന്തപുരം :സർവ്വകലാശാല അനുമതി റദ്ദ് ചെയ്ത ശേഷവും സെനറ്റ് ഹാൾ അനധികൃതമായി ഉപയോഗിക്കുകയും, നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോവുകയും ചെയ്ത പത്മനാഭ സേവാ സമിതി സെക്രട്ടറിയുടെ നടപടി നിയമ വിരുദ്ധമാണെന്നും മേൽവിഷയം അന്വേഷിച്ച് ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയത് വിസി യുടെ അറിവോ സമ്മതമോ കൂടാതെ.
ഗവർണർ പങ്കെടുത്ത പരിപാടി റദ്ദാക്കാൻ സർവ്വകലാശാല നിർദ്ദേശം നൽകിയത് സംബന്ധിച്ച പരാതിയിൽ രാജ് ഭവൻ വിസി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ്
വിസി ഡോ: മോഹനൻ കുന്നുമ്മേൽ തൻറെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകാൻ ഇടയായ സാഹചര്യത്തിനുള്ള വിശദീകരണം നാളെ ഉച്ചയ്ക്ക് മുമ്പ് നൽകണമെന്ന് രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിസിയുടെ അനുമതി കൂടാതെ സർവ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനും സർക്കാരിന് കത്തയക്കുകയോ പോലീസിന് പരാതി നൽകുകയോ ചെയ്യാറില്ല. എന്നാൽ ചില സിൻഡിക്കേറ്റങ്ങളുടെ നിർദ്ദേശപ്രകാരമാണ് രജിസ്ട്രാർ നേരിട്ട് പോലീസിൽ പരാതിപ്പെട്ടതെന്നറിയുന്നു.
ഹാൾ അനുവദിക്കുന്നതിനുള്ള സർവ്വകലാശാലയുടെ നിബന്ധനകൾ ലംഘിച്ച തോടെയാണ് കരാർ റദ്ദാക്കുകയാണെന്ന് സംഘാടകരെ അറിയിച്ചത്. സെനറ്റ് ഹാളിൽ നിബന്ധനകൾക്ക് വിരുദ്ധമായി മതചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സമിതിയുടെ സെക്രട്ടറിയായ വി. രവികുമാറിനെ നേരിൽ കണ്ട് ചിഹ്‌നങ്ങളും ഫോട്ടോയും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും റജിസ്ട്രാറുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ സെ നറ്റ് ഹാൾ ഉപയോഗിച്ചത് കൊണ്ട് ഹാളിന്റെ അനുമതി റദ്ദാക്കിയതായി അറിയിച്ചിരുന്നു. വേദിയിൽ സ്ഥാപിച്ചിരുന്ന ഭാരതാ മ്പയുടെ കാവിക്കൊടി പിടിച്ചു നിൽക്കുന്ന ചിത്രം വേദിയിൽ നിന്നും മാറ്റിയാൽ പരിപാടി നടത്താൻ അനുവദിക്കാമെന്ന് അറിയിച്ചത് സംഘാടകർക്ക് സ്വീകാര്യമായിരുന്നില്ല. സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള തുക അടച്ച് ഹാൾ ബുക്ക് ചെയ്ത ശേഷം ഹാളിന്റെ അനുമതി റദ്ദാക്കുന്നതിൽ ന്യായീകരണമില്ലെന്നായിരുന്നു സമിതി ഭാരവാഹികളുടെ നിലപാട്.
സെനറ്റ് ഹാൾ അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും, യൂണിവേഴ്സിറ്റിക്ക് നേരിട്ട് ബന്ധമില്ലാത്തതായ ഒരു പൊതു പരിപാടിയിൽ രജിസ്ട്രാർ ഇടപെടാൻ ഉണ്ടായ സാഹചര്യങ്ങളും, ഒപ്പം നിർദ്ദിഷ്ട പരിപാടി സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ ഹാജരാക്കാനും വിസി രജിസ്ട്രാർക്ക് നൽകിയ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാൻസലർ കൂടിയായ ഗവർണറുടെ സെനറ്റ് ഹാളിലെ നിർദ്ദിഷ്ട പരിപാടി നടത്തുവാൻ ഹാൾ അനുവദിച്ചത് റദ്ദാക്കാനുള്ള കാരണവും റദ്ദാക്കി കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പുംകൂടി ഹാജരാക്കുവാനും വിസി നിർദേശിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് മുമ്പ് വ്യക്തമായ വിശദീകരണം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഗൗരവതരമായി കണക്കാക്കുമെന്നും കുറിപ്പിൽ സൂചിപ്പി ച്ചിട്ടുണ്ട്.
