ഉള്ളൂർ എസ്.പരമേശ്വരയ്യർ (1877- 1949) ഇന്ന് 76 -ാം സ്മൃതിദിനം…സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

20-ാം നൂറ്റാണ്ടിലെ മലയാള കവിതയിൽ കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ എന്നിവർക്കൊപ്പം യുഗ സ്രഷ്ടാവായി നിൽക്കുന്ന ഉള്ളൂർ തികഞ്ഞ പാണ്ഡിത്യത്തിൻ്റെ ഉറവിടമായിരുന്നു. അഞ്ചു വാല്യമുള്ള “കേരള സാഹിത്യ ചരിത്രം ” ഉൾപ്പെടെയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ഗവേഷണം ചെയ്തു കണ്ടെത്തി അവതരിപ്പിച്ച പ്രാചീനകൃതികളും അദ്ദേഹത്തിൻ്റെ പാണ്ഡിത്യ വ്യക്തിത്വത്തിൻ്റെയും ഭാഷാ സേവനത്തിൻ്റെയും ഉദാഹരണങ്ങളാണ്.ഉയർന്ന ഔദ്യോഗിക പദവികൾ വഹിക്കുന്നതിനിടയിലായിരുന്നു കവിതയിലും വൈജ്ഞാനിക മേഖലയിലും തുല്യ പ്രാഭവത്തോടെ ഉള്ളൂർ പ്രവർത്തിച്ചത്. ദാരിദ്ര്യത്തിൽ നിന്ന് തികഞ്ഞ ഇച്ഛാശക്തിയോടെ അറിവിൻ്റെ പടവുകൾ കയറിയാണ് “ഉജ്വല ശബ്ദാഢ്യ”നെന്ന വിശേഷണം നേടിയത്.ഉള്ളൂർ സുബ്രഹ്മണ്യരുടെയും വർക്കല നാവായിക്കുളം എന്ന സ്ഥലത്തെ കുലീനമെങ്കിലും ഒരു സാധു ബ്രാഹ്മണ വംശത്തിൽപ്പെട്ട ഭഗവതി അമ്മാളിൻ്റെയും പുത്രനായി ചങ്ങനാശ്ശേരി പെരുന്ന താമരശ്ശേരി ഇല്ലത്ത് 1877 ഇടവം 25-ാം തീയതി ഭൂജാതനായി. അദ്ധ്യാപകനായിരുന്ന സുബ്രഹണ്യയ്യർ ജോലി സ്ഥലമായ ചങ്ങനാശ്ശേരിയിൽ താമസിക്കവേയാണ് മകൻ പിറക്കുന്നത്. ചങ്ങനാശ്ശേരിയിൽത്തന്നെയായിരുന്നു ഉള്ളൂരിൻ്റെ ആദ്യകാല വിദ്യാഭ്യാസം. കളർകോട്ടുചക്രപാണി വാര്യരും, ലക്ഷ്മി പുരത്തു കൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാനും പരമേശ്വരയ്യരെ സംസ്കൃതം പഠിപ്പിച്ച ഗുരുനാഥന്മാരാണ്. ചങ്ങനാശ്ശേരി ജില്ലാ സ്കൂളിലും വിദ്യാഭ്യാസം നടത്തി. പിതാവിൻ്റെ മരണതോടെ കുടുംബഭാരം പരമേശ്വരയ്യരുടെ ചുമതലയിലായി.ഉള്ളൂരിലെ തറവാട്ടു വീട്ടിലേക്ക് അവർ താമസം മാറ്റി. കഷ്ടപ്പാട്ടുകൾക്കിടയിൽ 1893-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ എഫ്.എ യും 1897-ൽ ബി.എ.യും ജയിച്ചു.എഫ്.എയക്ക് പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയുടെ ലോകത്തേക്കു നീങ്ങിയത്.തിരുവനന്തപുരം ടൗൺ ഹൈസ്ക്കൂളിലെ അദ്ധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഒരു കൊല്ലം കഴിഞ്ഞ് ഹെഡ്മാസ്റ്റർ ആയി. തിരുവിതാംകൂർ സെൻസസ് കമ്മീഷണരായിരുന്നപേഷ് ക്കാർ ഡോ എൻ.സുബ്രഹ്മണ്യയുടെ കീഴിൽ 1901-ൽ ക്ലാർക്കിൻ്റെ ജോലി സ്വീകരിച്ചു. തുടർന്ന് ഹെഡ് ക്ലാർക്കായി സെൻസസ് ആഫിസിൽ നിന്നും ഹജൂരിലേക്ക് 1906-ൽ മാറി. അതിനകം അദ്ദേഹം എം.എ., ബി.എൽ.ഡിഗ്രി കളെടുത്തിരുന്നു. ഹജൂർ കച്ചേരിയിൽ നിന്ന് മജിസ്ട്രേട്ടായിയുംതഹസീൽദാരുമായി നാലും കൊല്ലം കഴിഞ്ഞപ്പോൾ 1910-ൽ മുൻസിഫായി നിയമിതനായി.1913-ൽ ഹജൂരിലെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.തുടർന്ന് അണ്ടർ സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിലേക്ക് ഉയർന്ന് 1925ൽ കൊല്ലം പേഷ്കാരായി പ്രമോഷൻ നൽകപ്പെട്ടു.തിരുവനന്തപുരം പേഷ്കാരായിരിക്കുമ്പോൾ അന്നത്തെ തിരുവിതാംകൂർ ലാൻഡ് റവന്യൂ കമ്മീഷണർ എന്ന സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1932-ൽ ഉള്ളൂർ ഔദ്യോഗിക ജീവിതത്തിൽ നിന്നും പെൻഷൻ പറ്റിപ്പിരിഞ്ഞു. ഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുവാൻ തക്കവണ്ണം ഗദ്യ പദ്യമയങ്ങളായ കൃതി രത്നങ്ങൾ രചിച്ചതുകൊണ്ടു മാത്രം ശാശ്വതികമായ സൽപ്പേരിന് അദ്ദേഹം അർഹനായി. സാഹിത്യ സേവനം അദ്ദേഹത്തിൻ്റെ 13-ാം മത്തെ വയസ്സിൽ തുടങ്ങി 73-ാം മത്തെ വയസ്സിൽ അവസാനിച്ചു.അറുപതു കൊല്ലത്തെ നിരന്തരമായ സാഹിത്യ പരിശ്രമം ഉള്ളൂരിൻ്റെ പ്രധാന കവിതാഗ്രന്ഥങ്ങൾ ഇവയാണ്. ഉമാകേരളം, മംഗളമഞ്ജരി, ഒരു നേർച്ച, പിംഗള, കർണ്ണഭക്ഷണം, ഭക്ത ദീപിക, ചിത്രശാല, ചിത്രോദയം, ചൈത്ര പ്രഭാവം, ദീപാവലി, കിരണാവലി, താരഹാരം, തരംഗിണി, മണി മഞ്ജുഷ, അമൃതധാര, രത്നമാല, അരുണോദയം, ഹൃദയ കൗമുദി, കല്പശാഖി, തപ്തഹൃദയം,….. നിരൂപണം, ഗവേഷണം, ചരിത്രം, സാഹിത്യം എന്നീ വിവിവ സരണികയിലുളള ഗദ്യ ലേഖനങ്ങൾ ധാരാളമുണ്ട്.ഇവയ്ക്കെല്ലാമുപരിയായി നിലകൊള്ളുന്നു “കേരള സാഹിത്യ ചരിത്രം ” .കേരളത്തിൽ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചു പലരെയും കണ്ടും പല ഗ്രന്ഥപ്പുരകൾ സന്ദർശിച്ച് അവയിലെ ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ച് കിട്ടാവുന്ന രേഖകൾ ശേഖരിച്ചും കഴിയുന്നിടത്തോളം കുറിപ്പുകളെഴുതിയും അനേക വർഷങ്ങളിലെ ശ്രമഫലമായി വിരചിതമായതാണ് ഈ ബൃഹത് പ്രസിദ്ധീകരണം. അനേകം പണ്ഡിതന്മാർ ഒത്തു ചേർന്നാൽ മാത്രം നിർവ്വഹിക്കാവുന്ന ഒരു വിജ്ഞാനയജ്ഞമാണ് മഹാകവി തനിയെ പൂർണ്ണമാക്കിയത്. അതിൻ്റെ ഫലം മലയാള ഭാഷയും കേരളവും ഉള്ളിടത്തോളം കാലം നിലനിൽക്കും. മലയാളികൾ ഏതു കാലത്തും മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരെ കൃതജ്ഞതാഭരിതമാരായിസ്മരിക്കുകയും ചെയ്യും.1920 മുതൽ 1928 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലും 1933 മുതൽ 1937 വരെ ശ്രീ മൂലംഅസംബ്ലിയിലും അംഗമായിരുന്നു മഹാകവി ഉള്ളൂർ.1937-ൽ HH ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് അദ്ദേഹത്തിന് “മഹാകവി ”ബിരുദം സമ്മാനിച്ചു.കൊച്ചി മഹാരാജാവ് “കവിതിലകൻ ” ബിരുദവും ബ്രിട്ടീഷിന്ത്യാ സർക്കാർ “റാവു ബഹാദുർ ” സ്ഥാനവും കാശി വിദ്യാപീഠം സാഹിത്യഭൂഷൺ ബഹുമതിയും ഉള്ളൂരിന് സമ്മാനിച്ചു.14-ാം വയസ്സിലാണ് മഹാകവിയുടെ വിവാഹം നടന്നത്.തിരുവനന്തപുരത്ത് ഹജൂരാ ഫിസിൽ മാനേജരായിരുന്ന അവനവഞ്ചേരി രാജാംഗം അയ്യരുടെ മരുമകളായ അനന്തലക്ഷിയെയാണ് വിവാഹം കഴിച്ചത്.ആ ബന്ധത്തിൽ രണ്ട് മക്കൾ പാർവതി, സുബ്രഹ്മണ്യൻ 1904-ൽ അനന്ത ല ക്ഷമി അകാല ചരമം പ്രാപിച്ചു.1906-ൽ മഹാകവി ഉള്ളൂർ നാഗർകോവിൽവടശ്ശേരി ഗ്രാമത്തിലെ വൈദ്യനാഥയ്യരുടെയും കൃഷ്ണമ്മാളുടെയും പുത്രിയായ സുബ്ബമ്മാളെ വിവാഹം കഴിച്ചു.ആ ബന്ധത്തിൽ മൂന്നു പുത്രിമാരും അഞ്ച് പുത്രന്മാരുമുണ്ടായി ലക്ഷ്മി, സരസ്വതി, കമല, സുബ്രഹ്മണ്യൻ, മഹാദേവൻ ,രാമനാഥൻ, കൃഷ്ണമൂർത്തി ,വൈദ്യനാഥൻ എന്നിവരാണ് മഹാകവിയുടെ മക്കൾ. തിരുവനന്തപുരത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയായിക്കുമ്പോഴാണ് മഹാകവി സ്വന്തമായി ജഗതിയിൽ വീട് വാങ്ങിച്ചതും അതു പുതുക്കിപ്പണിഞതും അതാണ് ശാരദാനികേതൻ. 1930-ൽ ഏപ്രിലിൽ മഹാകവി ഉള്ളൂരിൻ്റെ ഭാര്യ സുബ്ബമ്മാൾ ഹൃദയ സംബന്ധമായ രോഗം ബാധിച്ചു കന്യാകുമാരിയിൽ വച്ചു അന്തരിച്ചു.1938-ൽ മഹാകവിയുടെ മാതാവ് ഭഗവതി അമ്മാൾ 82-ാം വയസ്സിൽ പരലോകം പ്രാപിച്ചു പുത്രൻ്റെ എല്ലാവിധ ഉന്നതിയും കണ്ട് മഹാകവിയുടെ ഷഷ്ടിപൂർത്തിയാഘോഷവും കണ്ട് ചാരിതാർത്ഥ്യയാകുന്നതിന് അവർക്ക് ഭാഗ്യമുണ്ടായി. നിർധനാവസ്ഥയിലായിരുന്ന കാലത്ത് മകനെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചത് ആ മാതാവിൻ്റെ മന സ്ഥൈര്യം ഒന്നു മാത്രമാണ് .കൈരളിയുടെ കണ്ണിലുണ്ണിയായ ആ മഹാമനീഷി 1949 ജൂൺ 15ന് (1124 മിഥുനം1) ഉച്ചതിരിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *