പഠിപ്പിച്ച കണക്ക് ബോധപൂർവ്വം തെറ്റിച്ചു; കിട്ടിയത് 40ൽ 38 മാർക്ക്, കൊല്ലത്ത് വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച് അധ്യാപകൻ; പിറകെ ട്യൂഷൻ സെന്റർ അടിച്ച് തകർത്ത് രക്ഷിതാക്കൾ1 min read

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിനിയുടെ കൈ അടിച്ച് തകർത്ത് അധ്യാപകൻ. ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ രണ്ടു മാർക്ക് കുറഞ്ഞതിനാണു അധ്യാപകൻ കുട്ടിയുടെ കൈ അടിച്ച് പൊട്ടിച്ചത്. പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇന്നലെ സംഭവം നടന്നത്. പരീക്ഷക്ക് മുഴുവനും മാർക്ക് വാങ്ങാതിലുള്ള ദേഷ്യത്തിലാണ് അധ്യാപകന്റെ കൊടും ക്രൂരത. ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് ഈ ട്യൂഷൻ സെന്റർ സ്ഥിതി ചെയ്തത്.

കണക്കു പരീക്ഷക്ക് ഫുൾമാർക്ക് വാങ്ങാത്തതിനാണ് വിദ്യാർഥിയെ അതിക്രൂരമായി അധ്യാപകൻ മർദ്ദിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെയാണ് പരാതി. കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. കണക്ക് പരീക്ഷയ്ക്ക് 40ൽ 38 മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് രണ്ടുമാർക്ക് കുറഞ്ഞതിനായിരുന്നു മർദ്ദനം.

വിരലുകൾക്ക് പൊട്ടലേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർക്ക് കുറഞ്ഞതിന് മറ്റു നിരവധി കുട്ടികൾക്കും മർദ്ദനമേറ്റു. അതേസമയം പഠിപ്പിച്ച കണക്ക് ബോധപൂർവ്വം കുട്ടി തെറ്റിച്ചതിനാണ് മർദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകൻ രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ ട്യൂഷൻ സെന്റർ തല്ലി തകർത്തു.

വിഷയം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷൻ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. മറ്റ് കുട്ടികളുടെ രക്ഷിതാക്കളും സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾ പേടിച്ച് അടി കിട്ടുന്ന കാര്യം വീട്ടിൽ പറയാറില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരനായ അധ്യാപകൻ ചട്ടവിരുദ്ധമായാണ് ട്യൂഷൻ സെന്റർ നടത്തുന്നതെന്നും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *