തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സേവന സ്ഥാപനമായ ട്രെൻസർ ടെക്നോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോപാർക്കിൽ പ്രവർത്തനം വിപുലീകരിച്ച് പുതിയ ഡെലിവറി സെന്റർ ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് 3-ലെ എംബസി ടോറസ് ടെക്ക് സോണിൽ സ്‌പെഷൽ എക്കണോമി സോണിലുള്ള നയാഗ്ര ബിൽഡിംഗിലാണ് പുതിയ കേന്ദ്രം.2017 മുതൽ ടെക്നോപാർക്കിൽ സാന്നിധ്യമുള്ള ട്രെൻസർ, എണ്ണൂറോളം ജീവനക്കാരുമായി ഈ പുതിയ കേന്ദ്രത്തിനുപുറമേ, നിള, ഗായത്രി, തേജസ്വിനി കെട്ടിടങ്ങളിലായി ഇതിനകം പ്രവർത്തിച്ചു വരുന്നു.
300 സീറ്റുകളുള്ള പുതിയ ഡെലിവറി സെന്റർ ജപ്പാൻ വിപണിയിലെ വളർച്ചാ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടോക്യോയിലെ ട്രെൻസറിന്റെ ഡിജിറ്റൽ ഡെലിവറി സെന്ററുമായി കൂടുതൽ സമന്വയത്തോടെ പ്രവർത്തനം ഉറപ്പാക്കുന്നതിനും ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ആധുനിക ആശയവിനിമയ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു
ഫോർച്യൂൺ 500 പട്ടികയിലുള്ളവ ഉൾപ്പെടെ നിരവധി ആഗോള കമ്പനികൾക്ക് ക്ലൗഡ്, മൊബൈൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, എംബെഡ്ഡഡ് സിസ്റ്റങ്ങൾ തുടങ്ങിയ മേഖലകളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് സേവനങ്ങൾ ട്രെൻസർ നൽകുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഹെൽത്ത്‌കെയർ, ഇൻഡസ്ട്രിയൽ, കൺസ്യൂമർ & മീഡിയ, റീട്ടെയിൽ മേഖലകളിലാണ് ട്രെൻസറിന്റെ പ്രധാന പ്രവർത്തനം.
പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം കമ്പനിയുടെ വളർച്ചയുടെയും വിപണി വിപുലീകരണത്തിന്റെയും ഭാഗമാണെന്ന് ട്രെൻസർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാർ പറഞ്ഞു. ജപ്പാനിൽ നിന്നുള്ള പ്രതിനിധികൾ, ടെക്നോപാർക്ക് അധികൃതർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
