കേന്ദ്ര സർക്കാരിനെതിരെ LDF നടത്തുന്ന സമരത്തിൽ പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്ന് ടി പി രാമകൃഷ്ണൻ1 min read

തിരുവനന്തപുരം :കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട്‌ കാണിക്കുന്ന സാമ്പത്തിക ഉപരോധമുള്‍പ്പെടേയുള്ള നടപടികളില്‍ നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്രം കേരളത്തോട്‌ ശക്തമായ സാമ്പത്തിക ഉപരോധമാണ്‌ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. വിവിധയിനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ലഭിക്കേണ്ട തുക നല്‍കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ്‌ കാണിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളെ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി 9,267.6 കോടി രൂപ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്‌. നെല്ല്‌ സംഭരണത്തിനുള്ള ഇന്‍സെന്റീവ്‌ 1,344 കോടി, എസ്‌.എസ്‌.എ 1,066.36, സാമൂഹ്യ സുരക്ഷാ പെന്‍ഷനിലെ കേന്ദ്ര വിഹിത കുടിശ്ശിക 341 കോടി, ജല ജീവന്‍ മിഷന്‍ 650 കോടി തുടങ്ങിയ കുടിശ്ശികകള്‍ ലഭിക്കാനുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതിയില്‍ വരുത്തുന്ന മാറ്റത്തിന്റെ ഫലമായി 3,544 കോടി രൂപയും സംസ്ഥാനത്തിന്‌ അധിക ബാധ്യതയായി വരികയാണ്‌. വെട്ടിക്കുറവ്‌ വരുത്തിയ തുകക്ക്‌ പുറമെ 6,947.36 കോടി രൂപ കുടിശ്ശികയായും ലഭിക്കാനുണ്ട്‌.

കേന്ദ്ര ഗവണ്‍മെന്റിന്റെ പകപോക്കല്‍ നടപടികളും, തെറ്റായ നയങ്ങളും, അവയെ യു.ഡി.എഫ്‌ അനുകൂലിക്കുന്ന സമീപനവുമെല്ലാം ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാനത്ത്‌ നടക്കാന്‍ പോവുകയാണ്‌. അതിന്റെ ഭാഗമായി ജനുവരി 12-ന്‌ തിരുവനന്തപുരത്ത്‌ രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിസഭാംഗങ്ങളും, നിയമസഭാംഗങ്ങളും, കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ്‌ അംഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള സത്യാഗ്രഹ പരിപാടി സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്‍.ഡി.എഫ്‌ നേതാക്കള്‍ക്ക്‌ പുറമെ സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തുറന്നുകാട്ടുന്നതിനും, എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും മൂന്ന്‌ വാഹന പ്രചരണ ജാഥയും സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഫെബ്രുവരി 16-ന്‌ ജാഥകള്‍ അവസാനിക്കുന്നതാണ്‌.

കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവിധം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തണമെന്നാണ്‌ എല്‍.ഡി.എഫ്‌ തീരുമാനിച്ചിട്ടുള്ളത്‌. പ്രക്ഷോഭങ്ങളില്‍ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടാകണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *