ഭാരതീയ സംസ്കാരത്തിന്റെ അനന്തമഹിമയിൽ നിറഞ്ഞുനിൽക്കുന്ന ഉത്സവങ്ങളിലൊന്നാണ് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ കൃഷ്ണന്റെ ജന്മദിനം ഒരു ആചാരപരമായ അനുഷ്ഠാനമെന്നതിലപ്പുറം ധാർമ്മികതയുടെയും തത്വചിന്തയുടെയും കലയുടെയും ആത്മീയതയുടെയും ഉത്സവം കൂടിയാണ്. കാലം മാറുമ്പോൾ ജീവിതരീതിയും മൂല്യങ്ങളും വലിയ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ, വേഗത, മത്സരജീവിതം – ഇവയുടെ തിരക്കിനിടെ നമ്മുടെ പുതുതലമുറയ്ക്ക് പാരമ്പര്യവും സംസ്കാരവും പൂർണ്ണമായി അനുഭവിക്കാൻ അവസരം കുറയുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്ണ ജയന്തി പോലുള്ള ഉത്സവങ്ങൾ അവരുടെ ജീവിതത്തിൽ പുതിയൊരു അർത്ഥം നൽകുന്നത്.
ഭഗവാൻ ഗീതയിൽ പറഞ്ഞത് പോലെ, “യദാ യദാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത” — ധർമ്മം തളരുമ്പോഴാണ് അദ്ദേഹം അവതാരമെടുക്കുന്നത്. മൂല്യങ്ങൾ തളരുന്ന- ആത്മാർത്ഥത കുറയുന്ന- ആത്മവിശ്വാസം ചോരുന്ന സാഹചര്യത്തിൽ ഇന്നത്തെ സമൂഹത്തിന് കൃഷ്ണന്റെ സന്ദേശങ്ങൾ വീണ്ടും ആവശ്യമുണ്ട്. ഗീതയിലെ ഉപദേശങ്ങൾ യുവത്വത്തിന് മാർഗദർശനമാകുന്നു. ശ്രീകൃഷ്ണന്റെ ജീവിതം വെറും പുരാണകഥയല്ല. മനുഷ്യജീവിതത്തിന്‍റെ നിത്യ മാർഗദർശികമാണ്. ബാല്യത്തിലെ ചിരിയും കളിയും കൗമാരത്തിലെ വീരതയും യൗവനത്തിലെ ഗൗരവവും കുരുക്ഷേത്രത്തിലെ ഗീതോപദേശവും – അങ്ങനെ ഓരോ ഘട്ടത്തിലും വിവിധങ്ങളായ ജീവിതപാഠങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയത്.
ഇന്നത്തെ സമൂഹത്തിൽ മൂല്യങ്ങൾ ക്ഷയിച്ചു പോകുന്ന സാഹചര്യത്തിൽ ശ്രീകൃഷ്ണ ജയന്തി നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുക- സ്നേഹത്തിന്റെയും ഭക്തിയുടെയും വഴി തിരഞ്ഞെടുക്കുക എന്ന സന്ദേശമാണ്.
അതിനാൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒരു മതാഘോഷമായി മാത്രം കാണാതെ, മാനവികതയുടെ നവോത്ഥാനദിനമായി ഏറ്റെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
ശ്രീകൃഷ്ണൻ വെറും പുരാണ കഥാപാത്രമല്ല; ധൈര്യം, സ്നേഹം, ധാർമ്മികത, മാനവികത എന്നീ മൂല്യങ്ങളുടെ പ്രതീകമാണ്.
അതിനാൽ, ഈ കാലഘട്ടത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത് ഒരു ഉത്സവാഘോഷം മാത്രമല്ല നമ്മുടെ സംസ്കാരത്തിന്റെ നിലനിൽപ്പിനും മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള നിക്ഷേപം കൂടിയാണ്.
ശ്രീകൃഷ്ണൻ ശരിക്കും ഒരു പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിതം, ഉപദേശങ്ങൾ, സംഗീതം, കലാരൂപങ്ങൾ — എല്ലാം പുതിയ തലമുറയെ ആത്മീയതയിലേക്കും തത്വചിന്തയിലേക്കും നയിക്കാൻ പ്രാപ്തരാക്കും. അതിനാൽ ശ്രീകൃഷ്ണ ജയന്തിയെ പുതുമയോടെ, പങ്കാളിത്തത്തോടെ, ആഴത്തിൽ ആഘോഷിക്കേണ്ടത് നമ്മുടെ സംസ്കാരത്തിന്റെ തുടർച്ചയ്ക്കും നവീകരണത്തിനും അത്യാവശ്യമാണ്.
അനീഷ് പുരവൂർ
