തിരുവനന്തപുരം :വൈദ്യശാസ്ത്ര ഉപകരണങ്ങൾ വികസിപ്പിച്ചെടുത്ത് വ്യവസായ പങ്കാളികളുടെ സഹകരണത്തോടെ അവ വാണിജ്യവത്ക്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി. ചിത്ര ഹാർട്ട് വാൽവ്, ചിത്ര ബ്ലഡ് ബാഗ് എന്നിവ ഇതിൻ്റെ മകുടോദാഹരണങ്ങളാണ്. ശ്രീചിത്ര 250 ഇന്ത്യൻ പേറ്റൻ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 90 സാങ്കേതികവിദ്യാ കൈമാറ്റങ്ങളും നടത്തി.
ജൈവ ജന്യ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നത് സ്ഥാപനത്തിന്റെ നിലവിൽ ഉള്ള മുഖ്യ ഗവേഷണ മേഖല ആണ്
കോളിഡേം (Cholederm)
ഡിവിഷൻ ഓഫ് എക്സ്പെരിമെൻ്റൽ പാത്തോളജിയിലെ ഗവേഷകനായ പ്രൊഫൊസ്സർ . ടി. വി. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ 2008 മുതൽ വളർത്തുമൃഗങ്ങളിൽ നിന്ന് ചികിത്സാ സംബന്ധമായ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങൾ സജീവമായി നടന്നുവരുകയാണ്.
ഫാം വളർത്തു മൃഗങ്ങളുടെ പിത്താശയത്തിലെ ബാഹ്യകോശ അതിസൂക്ഷ്മ തന്മാത്രകൾ (Extracellular matrix) വീണ്ടെടുക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. തുടർന്ന് ഇതിൽ നിന്ന് ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉത്പന്നങ്ങൾ രൂപപ്പെടുത്തി. ഈ പഠനഫലങ്ങൾ 25-ൽ അധികം അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. 10 ഇന്ത്യൻ പേറ്റൻ്റുകൾ നേടാനും ഇവയ്ക്ക് സാധിച്ചു. കോളിഡേം എന്ന പേരിൽ ഈ ഉത്പന്നം വിണിയിലെത്തിക്കാനും ശ്രീചിത്രയ്ക്ക് സാധിച്ചു. വലിയ പാടുകൾ അവശേഷിപ്പിക്കാതെ മുറിവുകൾ വേഗം ഉണക്കാൻ കഴിയുമെന്നതാണ് കോളി ഡേമിൻ്റെ സവിശേഷത. ഈ കണ്ടുപിടുത്തത്തിലൂടെ ദേശീയ- അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രസമൂഹത്തിൻ്റെ അംഗീകരവും പ്രശംസയും നേടാനും ശ്രീചിത്രയിലെ ഗവേഷകർക്ക് കഴിഞ്ഞു.
സാങ്കേതികവിദ്യാ കൈമാറ്റവും അനുമതികളും
മുറിവുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന കോൽഡേം ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ 2017-ൽ അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ശ്രീചിത്രയിലെ സ്റ്റാർട്ട്അപ്പ് ഇൻക്യുബേറ്ററായ TIMED ന് പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി കോൽഡേം എന്ന പേരിൽ ഉത്പന്നം രജിസ്റ്റർ ചെയ്യുകയും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. 2023-ൽ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ കോളിഡേമിനെ ക്ലാസ് ഡി മെഡിക്കൽ ഉപകരണമായി അംഗീകരിച്ചു.
കോളിഡേമിൻ്റെ സവിശേഷതകൾ
1. വളർത്തുമൃഗങ്ങളുടെ പിത്താശയത്തിൽ നിന്ന് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണം നിർമ്മിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ സാങ്കേതികവിദ്യ
2. തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും 2017-ലെ മെഡിക്കൽ ഡിവൈസ് ചട്ടപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ആദ്യ മൃഗ ഉറവിട ക്ലാസ് ഡി മെഡിക്കൽ ഡിവൈസ് ആണ് കോളിഡേം
3. അറവുശാലകളിലെ മാലിന്യത്തിൻ്റെ കൂട്ടത്തിൽ വരുന്നതാണ് കശാപ്പു ചെയ്യപ്പെട്ട മൃഗങ്ങളുടെ പിത്താശയം. കോളിഡേം നിർമ്മാണത്തിന് ഇവ ഉപയോഗിക്കാൻ കഴിയുന്നതോടെ കർഷകർക്ക് അധികവരുമാനം ലഭിക്കും.
4. സാധാരണ അറവുശാലകളിൽ മാലിന്യം ആയി അവശേഷിക്കുന്ന മൃഗങ്ങളുടെ പിത്താശയവും പ്രത്യേകിച്ച് മൂല്യമോ ഉപയോഗമോ ഇല്ലാതെ കുമിഞ്ഞു കൂടുമ്പോൾ അവയിൽ നിന്നും സവിശേഷമായ ഒരു മൂല്യ വർദ്ധിത അസംസ്‌കൃത വസ്തു ലഭിക്കുകയും , അവയെ ഉപയോഗപ്രദമായ ഒരു മെഡിക്കൽ ഉപകരണമായി വികസിപ്പിച്ചു അത് വഴി കർഷകരുടെ വരുമാനം വർദ്ധിക്കുവാനും ഇടയാകുന്നു. ഇത് വഴി അറവുശാലകളിൽ കുമിഞ്ഞു കൂടിയ മാലിന്യം ഒരു പരിധി വരെ നിർമ്മാജ്ജനം ചെയ്യുവാനും സാധിക്കുന്നു .
സാങ്കേതികവിദ്യാ കൈമാറ്റം M/s അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്
അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉത്പന്നം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് കേരളത്തിലാണ്. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് നിർമ്മാണം നടത്തുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മുറിവുകളുടെ ചികിത്സയ്ക്ക് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നമായാണ് കോളിഡേം വിപിണിയിൽ എത്തുന്നത്. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ചികിത്സയ്ക്കായി കോളിഡേം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ദീർഘകാലമായി ഉണങ്ങാത്ത മുറിവുകൾ
പഴുപ്പ്, നിർജ്ജീവകോശങ്ങൾ മുതലായവ നീക്കം ചെയ്ത് വച്ചുകെട്ടേണ്ട മുറിവുകൾ
പുതിയ കോശങ്ങൾക്ക് വളരാൻ ആവശ്യമായ ബയോളജിക്കൽ സ്കഫോൾഡ് ആവശ്യമായ മുറിവുകൾ
ചികിൽസിക്കുന്ന ഡോക്ടറിനാണ് രോഗികളെ തിരഞ്ഞെടുക്കുന്നതിനും ചികിത്സയുടെ തീരുമാനം എടുക്കുവാനുമുള്ള ചുമതല.
പൂനെയിലെ ഡി വൈ പാട്ടീൽ മെഡിക്കൽ കോളേജിലെ ത്വക് രോഗ വിഭാഗത്തിലെ ഡോ. വിശ്വജിത്ത് സിംഗ് അദ്ദേഹത്തിൻ്റെ അനുഭവം പങ്കുവയ്ക്കുന്നു
“കഴിഞ്ഞ ഒരുവർഷത്തോളമായി ഞങ്ങൾ കോളിഡേം ഉപയോഗിക്കുന്നു. പ്രമേഹ രോഗികൾ, കുഷ്ഠരോഗികൾ അടക്കമുള്ള 20-ൽ അധികം രോഗികളെ ഞങ്ങൾ ചികിത്സിച്ചു. ഇതിൽ നാല് മാസം മുതൽ 17 വർഷം വരെ പഴക്കമുള്ള മുറുവുകളുള്ള രോഗികളുണ്ടായിരുന്നു. കോൽഡേം ഉപയോഗിച്ചതോടെ ഇവരുടെ മുറിവുകൾ ഉണങ്ങാൻ തുടങ്ങി. രോഗികൾക്കും ഡോക്ടർമാർക്കും ഒരുപോലെ ഉപയോഗപ്രദമാണ് കോളിഡേം. കാരണം ഇത് ഏഴ് ദിവസത്തിലൊരിക്കൽ മാറ്റി പരിശോധിച്ചാൽ മതിയാകും. സാധാരണ ഡ്രെസ്സിംഗ് ദിവസവും അഴിച്ചുകെട്ടുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാകാറുണ്ട്. അൾസർ പോലെ ഉണങ്ങാത്ത മുറിവുകൾ വേഗത്തിൽ ഭേദമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് അലികോൺ മെഡിക്കലിൻ്റെ കോളിഡേം നൽകുന്നത് വലിയ പ്രതീക്ഷയാണ്.”
ദേശീയ പദ്ധതിയുമായി യോജിക്കുന്നു
വൈദ്യശാസ്ത്ര ഉപകരണനിർമ്മാണ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് കോളിഡേം. വികസിത ഭാരതം, ആത്മ നിർഭർ ഭാരതം , മേക്ക് ഇൻ ഇന്ത്യ , ആയുഷ്മാൻ ഭാരത് തുടങ്ങി രാഷ്ട്രത്തെ സ്വയം പര്യാപ്തതയിലേക്കു നയിക്കുന്ന വിവിധ പദ്ധതികളിലേക്കു ഉള്ള ശ്രീ ചിത്രയുടെ സംഭാവന ആണ് ഈ ഉത്പന്നം . എഫ്ഡിഎ, സിഇ അടക്കമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കോളിഡേം നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ അലികോൺ മെഡിക്കൽ ആരംഭിച്ചുകഴിഞ്ഞു.
