വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് സ്പീക്കർ എ എൻ ഷംസീർ1 min read

തിരുവനന്തപുരം :നേമം വിക്ടറി സ്കൂളിന്റെ 75 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യം വിളിച്ചോതുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങൾ വരുമ്പോൾ കുട്ടികളുടെ കഠിനാധ്വാനം ഏറെ പ്രധാനമാണെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. വായനയുടെ ലോകത്തേക്ക് കുട്ടികൾ കൂടുതൽ കടന്നുവരണമെന്നും ആധുനിക വിദ്യാഭ്യാസത്തിനൊപ്പം വ്യക്തിത്വ വികസനത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയ മികച്ച സംഘാടകനാണ് മന്ത്രി വി. ശിവൻകുട്ടിയെന്നും സ്പീക്കർ ചടങ്ങിൽ പരാമർശിച്ചു.

ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ തയ്യൽ മെഷീൻ ചടങ്ങിൽ സ്‌പീക്കർ കൈമാറി. എൻ.എസ്.എസ് യൂണിറ്റിന്റെ മാതൃകാപരമായ പ്രവർത്തനത്തെ സ്പീക്കർ അഭിനന്ദിച്ചു. കൂടാതെ, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളിലെ മുൻ വിദ്യാർത്ഥിനി അപർണയെ ചടങ്ങിൽ ആദരിച്ചു.

കാട്ടാകട എം.എൽ.എ ഐ.ബി. സതീഷ് ,കോവളം എം.എൽ.എ എം. വിൻസെന്റ് , തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധ്യക്ഷ വി പ്രിയദർശിനി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് 75 വർഷത്തെ വിദ്യാഭ്യാസ മികവിന്റെ പാരമ്പര്യമുള്ള വിക്ടറി സ്കൂളിന്റെ ഈ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാൻ ജനപ്രതിനിധികൾ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

വിക്ടറി സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറിയ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ വിവിധ സാംസ്കാരിക പരിപാടികളോടെയാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *