തിരുവനന്തപുരം :നേമം നിയോജക മണ്ഡലത്തിലെ വികസന മുന്നേറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി പര്യടനം നടത്തി. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ പൂങ്കുളം, പുഞ്ചക്കരി, ആറ്റുകാൽ, കാലടി എന്നീ മേഖലകളിലായിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നത്തെ വോട്ടഭ്യർത്ഥന. രാവിലെ പൂങ്കുളത്ത് നിന്ന് ആരംഭിച്ച പര്യടനത്തിന് സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ള വലിയൊരു ജനസഞ്ചയം ആവേശകരമായ സ്വീകരണമാണ് നൽകിയത്.
കാർഷിക പ്രാധാന്യമുള്ള പുഞ്ചക്കരി മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട സ്ഥാനാർത്ഥി, താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞാണ് വോട്ട് അഭ്യർത്ഥിച്ചത്. തുടർന്ന് ആറ്റുകാൽ, കാലടി പ്രദേശങ്ങളിലെ പ്രചാരണ പരിപാടികളിലും പങ്കെടുത്തു. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളും വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായി.
വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും തുടർച്ചയ്ക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ഓരോ കേന്ദ്രങ്ങളിലും ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രാദേശിക നേതാക്കളും പര്യടനത്തിലുടനീളം പങ്കെടുത്തു.
