ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം ഏയ്ഞ്ചല്‍ മേരി മാത്യുവിന്,25001 രൂപയും പ്രശസ്തി പത്രവും ഫലകവും മാര്‍ച്ച് 4 ന് സമ്മാനിക്കും1 min read

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ 2025ലെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യുവിന്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സെപ്തംബര്‍ 5ന് സംപ്രേഷണം ചെയ്ത കടല്‍ പടം കതൈ_ എന്ന പരിപാടിയാണ് ഏയ്ഞ്ചല്‍ മേരി മാത്യുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറാണ് ഏയ്ഞ്ചല്‍.

25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ശോഭാ ശേഖറിന്റെ ചരമദിനമായ മാര്‍ച്ച് 4 ന് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, ശോഭാശേഖര്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി സോമശേഖരന്‍ നാടാര്‍ എന്നിവര്‍ അറിയിച്ചു

മുന്‍ ഡിജിപി ഡോ.ബി സന്ധ്യ, എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മാങ്ങാട് രത്‌നാകരന്‍, സിഡിറ്റ് മുന്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഡോ. ബാബു ഗോപാലകൃഷ്ണന്‍, ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

തമിഴ്‌നാട് നാഗപട്ടണത്തെ മത്സ്യതൊഴിലാളികളായ ഏഴ് സ്ത്രീകളെ കുറിച്ചുള്ള കടല്‍ പടം കതൈ എന്ന പരിപാടി ഒരുനാടിന്റെ അതിജീവനത്തിന്റെ കഥകൂടിയാണ് പറയുന്നതെന്ന് ജൂറി വിലയിരുത്തി.

18 എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാമൂഹ്യ പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിയും ടെലിവിഷന്‍ വാര്‍ത്താ പരമ്പരകളുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

Leave a Reply