തിരുവനന്തപുരം :കോളേജ് പ്രവേശനത്തിന് ഉയർന്ന പ്രായപരിധി പിൻവലിച്ചതിന്റെമറപറ്റി 2016 ൽ BSc കോഴ്സിന് ചേർന്ന് പഠനം നിർത്തി, കഴിഞ്ഞ മാർച്ചിൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതവെ മൊബൈൽ ഫോൺ വഴി കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 2027 വരെ ഡീബർ ചെയ്ത മുൻ എസ്എഫ്ഐ നേതാവിന് അതേ കോളേജിൽ വീണ്ടും പ്രവേശനം നൽകിയതായി പരാതി.
കാര്യവട്ടം ഗവൺമെൻറ് കോളേജിലെ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്ന എസ് എഫ്.ഐ നേതാവ് എം.പി. ആദർശിനാണ് കേരള സർവകലാശാല കഴിഞ്ഞ ദിവസം നേരിട്ട് നടത്തിയ സ്പോട്ട് അഡ്മിഷനിൽ അതേ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്ക് പ്രവേശനം നൽകിയത്.
പ്രവേശന പ്രായപരിധി നിർത്തലാക്കിയതോടെ
പഠനം ഉപേക്ഷിച്ചിരുന്ന പ്രായത്തിൽ മുതിർന്ന വിദ്യാർത്ഥികൾ രാഷ്ട്രീയ പ്രവർത്തനം മാത്രം ലക്ഷ്യം വെച്ച് കോളേജുകളിൽ പുനഃപ്രവേശനം നേടുന്നത് വ്യാപകമായതായി പരാതിയുണ്ട്.
ഒഴിവുള്ള ബിരുദസീറ്റുകളിൽ പ്രവേശനം നൽകുന്നതിന് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സർവ്വകലാശാല നേരിട്ട് നടത്തിയ സ്പോട്ട്അഡ്മിഷനിലാണ് 2027 വരെ വിലക്കേർപ്പെടുത്തിയത് മറച്ചുവച്ചു് എസ്എഫ്ഐ നേതാവിന് കാര്യവട്ടം യൂണിവേഴ്സിറ്റി ഗവൺമെൻറ്കോളേജിൽ തന്നെ പ്രവേശനം നേടിയത്.
2016 -19 കാര്യവട്ടം ഗവൺമെൻറ്കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് ബിഎസ്സി വിദ്യാർത്ഥിയായ എസ്. എഫ്.ഐ മുൻ ഏരിയാസെക്രട്ടറി എം.ബി.ആദർശ്
കഴിഞ്ഞ മാർച്ചിൽ നടന്ന സപ്ലിമെൻററി പരീക്ഷ എഴുതവേ ഇയാളിൽനിന്ന് ഇൻവിജിലേറ്റർ ഒരു ഫോൺ പിടിച്ചെടുക്കുകയും കഴക്കൂട്ടം പോലീസിന് വിവരം അറിയിക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ ആദർശിൽ നിന്ന് മറ്റൊരു ഫോൺ കൂടി പിടിച്ചെടുത്തു. ഇയാൾ ചോദ്യപേപ്പർ വാട്സപ്പ് വഴി പുറത്ത് അയച്ചു കൊടുക്കുകയും സുഹൃത്ത് ഉത്തരങ്ങൾ വാട്ട്സപ്പ് മുഖേന തിരികെ അയക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. സർവ്വകലാശാലയുടെ സ്ഥിരം അച്ചടക്കസമിതി കോപ്പിയടി ബോധ്യപ്പെട്ടതിനെ തുടർന്ന് എഴുതിയ പരീക്ഷകൾ റദ്ദാക്കി 2025 മുതൽ രണ്ടു വർഷത്തേക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്നതിൽ നിന്നും സ്ഥിരമായി വിലക്കിക്കൊണ്ടുള്ള ശിക്ഷയാണ് നടപ്പിലാക്കിയത്. ഈ നേതാവിനാണ് ഇപ്പോൾ അതേ കോളേജിൽ തന്നെ കെമിസ്ട്രി ഐച്ഛിക വിഷയമായി നാലുവർഷ ബിരുദ കോഴ്സിന്‍റെ
ഒന്നാം സെമസ്റ്ററിൽ പ്രവേശനം അനുവദിച്ചത്.
സ്റ്റാറ്റിസ്റ്റിക്സ് ബിഎസ്സിക്ക് പഠിച്ച കാലയളവ് ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ വിദ്യാർത്ഥി നേതാവ് അപേക്ഷ നൽകിയിരിക്കുകയാണ്.
കോപ്പിയടിച്ചതിന്റെ പേരിൽ രണ്ടു വർഷത്തേക്ക് ഡിബാർ ചെയ്ത
വിദ്യാർത്ഥിയുടെ പുന: പ്രവേശനം റദ്ദാക്കാൻ അടിയന്തരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പിംഗ് കമ്മിറ്റി കേരള വിസി ക്ക് നിവേദനം നൽകി.
