സംസ്കൃത സർവകലാശാലയിൽ ശമ്പളവും പെൻഷനും മുടങ്ങി;ഉദ്ഘാടന മാമാങ്കത്തിന് ചെലവിടുന്നത് ലക്ഷങ്ങൾ1 min read

തിരുവനന്തപുരം :സംസ്കൃത സർവ്വകലാശാല നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഗവൺമെന്റ് ഓഡിറ്റർ നിർദ്ദേശി ച്ചതിൻ പ്രകാരം അധിക അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്നും പ്രതിമാസ ഗ്രാന്റ് അനുവദിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഗവർണർക്ക് നിവേദനം.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വീണ്ടും ശമ്പളവും പെൻഷനും മുടങ്ങിയിരിക്കുന്നു. ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്തിട്ടില്ലെങ്കിലും ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഉദ്ഘാടന മാമാങ്കത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വി സിയും സിണ്ടിക്കേറ്റും.

സാമ്പത്തിക പ്രതിസന്ധി മൂലം ഡി. ലിറ്റ്. വിതരണം നടത്തുവാൻ കഴിയില്ലെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഫെബ്രുവരിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉദ്ഘാടന മാമാങ്കത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വിനെ ക്ഷണിക്കാനും ഒപ്പം അധ്യാപക നിയമങ്ങളുമായി മുന്നോട്ടു പോകാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവനായും പൂർത്തിയാകാത്ത കെട്ടിടങ്ങളാണ് മന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.

സർവകലാശാല ഫണ്ടിൽ ഇപ്പോൾ കേവലം 25000/- രൂപ മാത്രമാണുള്ളത്. സർവ്വകലാശാലയ്ക്ക് പ്രതിമാസം ലഭിക്കേണ്ട പദ്ധതിയേതര ഗ്രാൻന്റ് സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്

സർക്കാർ അംഗീകരിക്കാത്ത തസ്തികളിൽ നൂറുകണക്കിന് ജീവനക്കാരെ നിയമിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. വിദ്യാർത്ഥി- അധ്യാപക അനുപാതത്തിൽ അധികമുള്ള താൽക്കാലിക ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടണമെന്നും സ്ഥിരം അധ്യാപകരെ നിയമിക്കുവാനുള്ള നീക്കം തടയണമെന്നും പ്രതിമാസ ഗ്രാന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനമാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *