മൾട്ടിക്യാമ്പസ്‌ ചട്ടവിരുദ്ധം; സ്വകാര്യ സർവകലാശാല അനുവദിക്കുന്നത് യുജിസിചട്ടങ്ങൾക്ക് വിരുദ്ധമായി,നിയമസഭ ബില്ല് പാസ്സാക്കിയാലും അംഗീകരിക്കരുതെന്ന് ഗവർണർക്ക്നിവേദനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ സർവ്വകലാശാലകൾക്ക് മൾട്ടി ക്യാമ്പസ് അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.

പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് 2003-ൽ
യുജിസി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സ്വകാര്യ സർവകലാശാലകൾക്ക് ഒറ്റ ക്യാമ്പസ് മാത്രമേ പാടുള്ളൂ. സർവകലാശാല ആരംഭിച്ച് അഞ്ചുവർഷം കഴിഞ്ഞ ശേഷം മാത്രമേ സംസ്ഥാനത്തിനകത്തോ പുറത്തോ ഓഫ് ക്യാമ്പസുകളോ, സ്റ്റഡി സെൻററുകളോ അനുവദിക്കാൻ പോലും പാടുള്ളൂവെന്നാണ് യുജിസി ചട്ടം. പ്രസ്തുത ചട്ടം മറികടക്കുന്നതിനാണ് മൾട്ടി ക്യാമ്പസ് അനുവദിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മൾട്ടി ക്യാമ്പസ് എന്നതിന് നിർവചനം ബില്ലിൽ ഒഴിവാക്കിയിട്ടുമുണ്ട്.

മെഡിക്കൽ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്വാശ്രയ എൻജിനീയറിങ്, ആട്‌സ് ആൻഡ് സയൻസ് കോളേജുകളുമുള്ള ചില കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് നിലവിൽ വിവിധ സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയിൽ കൊണ്ടുവരുന്നതിനാണ് മൾട്ടിക്യാമ്പസ് എന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിന്
യുഡിഎഫ് സർക്കാർ തയ്യാറാക്കിയിരുന്ന റിപ്പോർട്ടിൽ സർവ്വകലാശാല ഒരു
ക്യാമ്പസിൽ തന്നെ ആയിരിക്കണമെന്നും പട്ടണത്തിൽ 20 ഏ ക്കർ സ്ഥലവും ഗ്രാമപ്രദേശത്ത് 30 ഏ ക്കർ സ്ഥലവും വേണമെന്നും,50 കോടി രൂപ നിക്ഷേപിക്കണ മെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതിനു പകരം സർക്കാർ അനുമതിയോടെ കൂടുതൽ ക്യാമ്പസ് ആകാമെന്നുള്ള വ്യവസ്ഥയും, സർവ്വകലാശാല ആസ്ഥാനത്തിന് പത്തേക്കർ ഭൂമി മതിയെന്നും,വ്യവസ്ഥ ചെയ്തിരിക്കുന്നത് സംസ്ഥാനത്തെ ചില കോർപ്പറേറ്റ് മാനേജ്മെൻറ്കളെ സഹായിക്കുന്നതിന് വേണ്ടിയാണ്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി പാസാക്കുന്ന സ്വകാര്യ സർവ്വകലാശാല നിയമം ഗവർണർ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *