ധനമന്ത്രി അധ്യക്ഷനായ ഗുലാത്തി ഇൻസ്റ്റിറ്ട്യൂട്ടിൽ വ്യാപക സാമ്പത്തിക  ക്രമക്കേടെന്ന് സി ആൻഡ് എ ജിയുടെ റിപ്പോർട്ട്, 10 വർഷത്തെ പ്രവർത്തനം പരിശോധിക്കണമെന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

തിരുവനന്തപുരം :ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചെയർമാനായ ഗുലാത്തി ഇന്സ്ടിട്യൂറ്റ് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ  (ഗിഫ്റ്റ്) സർക്കാർ ഉത്തരവുകൾക്കു വിരുദ്ധമായി  സാമ്പത്തിക ക്രമക്കേട് നടന്നതായി സി ആൻഡ് എ ജിയുടെ റിപ്പോർട്ട്.

നിലവിൽ പൂർണ്ണമായും സിപിഎമ്മിന്റെ ഒരു സ്ഥാപനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക്
ഫാക്കൽറ്റികൾ എല്ലാപേരും UGC നിരക്കിൽ ലക്ഷങ്ങൾ പ്രതിമാസശമ്പളം പറ്റുന്നവരാണ്.

കുസാറ്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനമായതുകൊണ്ട് യൂണിവേഴ്സിറ്റി നിയമങ്ങൾ ഗിഫ്റ്റിന് ബാധകമാണ്.

സ്ഥാപനത്തിലെ ക്രമക്കേടുകൾ മൂടി വയ്ക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ്, ധനമന്ത്രിയുടെ സ്റ്റാഫിൽ പെട്ട ഒരു ഉദ്യോഗസ്ഥനെ നിശ്ചിത യോഗ്യതകളിൽ ഇളവ് വരുത്തി  ഡയറക്ടറായി നിയമിക്കുവാനുള്ള നീക്കങ്ങൾ മന്ത്രി തലത്തിൽ നടക്കു ന്നതായി ആരോപണമുണ്ട്.

സംസ്ഥാനത്തെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ യു.ജി.സി.7-ാം വേതന കമ്മീഷൻ പ്രകാരമുള്ള  ശമ്പള കുടിശിക തടഞ്ഞു വച്ചിരിക്കുമ്പോൾ ഇവിടെ
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ലക്ഷങ്ങളുടെ ശമ്പള കുടുശിക അനുവദിച്ചതിൽ ഗുരുതര ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊതുധനത്തിന്റെ തുറന്ന ദുർവിനിയോഗമാണിതെന്നും ഉത്തരവാദികളായ അധികാരികൾക്കെതിരെ അടിയന്തര അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 01.01.2016 മുതൽ 31.12.2019 വരെ യു.ജി.സി. 7-ാം ശമ്പള പരിഷ്കരണ  സ്കെയിൽ അനുസരിച്ച് ₹85.49 ലക്ഷം രൂപ കുടിശികയായി അധ്യാപകർക്ക് വിതരണം ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം, ഡി.എ. കുടിശ്ശികയുടെ  വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കോവിഡ് കാലത്ത് ഡി.എ. ഗഡുക്കൾ  മരവിപ്പിച്ചിരുന്ന സാഹചര്യത്തിൽ, അതേ കാലയളവിൽ ഡി.എ. കുടിശ്ശിക  വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. 2019 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ ₹33.62 ലക്ഷം രൂപയുടെ ഡി.എ. കുടിശ്ശിക ക്രമവിരുദ്ധമായി  ജീവനക്കാർക്ക് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ധനമന്ത്രി അധ്യക്ഷനായ ഭരണസമിതിക്ക്  സർക്കാരിൻറെ
മുൻകൂർ അനുമതി ആവശ്യമില്ലെന്ന ഗിഫ്റ്റ് ന്റെ വിശദീകരണം ഗവൺമെൻറ് ഓഡിറ്റർ  അംഗീകരിച്ചിട്ടില്ല.
ഈ രണ്ട് വിഷയങ്ങളിലുമായി സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊതുധനം വിതരണം ചെയ്തതിലൂടെ ഭരണപരമായ വീഴ്ചയും സാമ്പത്തിക നിയന്ത്രണ ലംഘനവും സംഭവിച്ചതായി ഓഡിറ്റ് വിലയിരുത്തിയിട്ടുണ്ട്.

സർക്കാർ ഉത്തരവുകൾ അവഗണിച്ച് നടന്ന ഈ നടപടി പൊതുധനത്തിന്റെ ദുരുപയോഗം ആണെന്നിരിക്കെ ഇതിന്  ഉത്തരവാദികളായ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഗവേഷണം ഒഴിച്ച് റഗുലർ കോഴ്സുകൾ ഒന്നു പോലും നടത്താത്ത GIFT ൽ 13 പേർക്ക് UGC നിരക്കിൽ ശമ്പളം നൽകുന്നുണ്ട്.

1.60 കോടി രൂപ സർക്കാർ അനുമ തിയില്ലാതെ എൽഐസിയിൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിക്ക് ഡിപ്പോസിറ്റ് ചെയ്തതും
ഡയറക്ടറുടെ പേഴ്സണൽ ഐഫോൺ കേടായതു കൊണ്ട് 73048 രൂപയ്ക്ക്  പുതിയ ഐഫോൺ വാങ്ങിയതും നിയമവിരുദ്ധമാണെന്ന് ഓഡിറ്റർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗ്രോബലിക്സ് എന്ന പേരിൽ നടത്തിയ അക്കാഡമിക് മാമാങ്കത്തിന്   ഗസ്റ്റ് ഹൗസ് പണിയുന്നതിന് വക യിരുത്തിയിരുന്ന 35 ലക്ഷം രൂപ  വക മാറ്റി ചെലവാക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

*പുതിയ ഡയറക്ടറുടെ* *നിയമനം- റിപ്പോർട്ട് നൽകാൻ കുസാറ്റ് വിസി ക്ക് നിർദ്ദേശം*

ഡയറക്ടറുടെ നിയമന യോഗ്യതയിൽ ഇളവ് വരുത്തിയത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ  ഇൻസ്റ്റിറ്റ്യൂറ്റിന് അംഗീകാരം നൽകിയ സർവ്വകലാശാലയായ കുസാറ്റിനോട് ഗവർണർ വിശദീകരണം തേടി. ഡയറക്ടറുടെ യോഗ്യതയിൽ ഇളവ് വരുത്തിയതിന്റെ കാരണം ഒരാഴ്ചയ്ക്കുള്ളിൽ ബോധ്യപ്പെടുത്താൻ നിലവിലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറോട്  കുസാറ്റ് വി സി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കോടികളുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂറ്റിന്റെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന്  ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്കുംമുഖ്യമന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *