തിരുവനന്തപുരം :ജുഡീഷ്യൽ സർവീസിൽ ജില്ലാ ജഡ്ജിയായി തുടരുന്ന കെ.ജി. സനൽകുമാറിനെ ഹൈക്കോടതിയുടെ അനുമതി കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ തിരക്കിട്ട് നിയമിച്ചത് ചട്ടവിരുദ്ധവും ഏക പക്ഷീയവുമെന്ന് ഗവർണർക്ക് പരാതി.
ഹൈക്കോടതിയുടെ അനുമതിയോടെ ഡെപ്യൂട്ടേഷനിൽ നിയമ വകുപ്പ് സെക്രട്ടറിയായി നിയമിതനായ സനൽ കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെടണമെങ്കിൽ ഹൈക്കോടതിയുടെ മുൻകൂറായുള്ള അനുമതി ആവശ്യമാണ്. അനുമതി കൂടാതെയാണ് മന്ത്രിസഭ അദ്ദേഹത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാൻ ശുപാർ ശ ചെയ്തത്.
നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നത് കൊണ്ട് സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് അടുത്ത അഞ്ചു വർഷക്കാലത്തേക്ക് തിരക്കിട്ട് സനൽകുമാറിനെ നിയമിക്കുകയായിരുന്നു.
മുനിസിപ്പൽ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനാധികാരി സംസ്ഥാന ഗവർണറാണ്. അതുകൊണ്ടുതന്നെ
മന്ത്രിസഭയ്ക്ക് പരമാവധി തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിന് ഗവർണർക്ക് ഒരു പാനൽ മാത്രമേ സമർപ്പിക്കാനാവൂ. പാനലിൽ നിന്നാണ് നിയമന അധികാരിയാ യ ഗവർണർ നിയമനം നടത്തേണ്ടത്. സർവ്വകലാശാല വിസി മാരുടെ നിയമനത്തിൽ പാനൽ നൽകാതെ ഒരാളിന്റെ പേരുമാത്രമായി ശുപാർശ ചെയ്തപ്പോൾ, ശുപാർശ ചെയ്ത സമിതി നിയമന അധികാരിയായി മാറുമെന്ന സുപ്രീം കോടതിവിധി ഗവർണർ നിയമിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിനും ബാധകമാണ്.
ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ ചട്ടവിരുദ്ധവും ഏകപക്ഷീയമായ സർക്കാരിൻറെ ശുപാർശ അംഗീകരിക്കരുതെന്ന്ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
