തിരുവനന്തപുരം :സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്തമാസം മുതൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറ്റുമെന്നും, നിലവിലെ എകെജി സെൻറർ, പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെ ന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനൽകിയ ഭൂമിയിൽ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവർത്തിച്ചു വെന്നതിന് തെളിവാണ്.
ഒരു ആവശ്യത്തിന് സർക്കാർ പതിച്ചുനൽകുന്ന ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ, അനുമതി റദ്ദാക്കണമെന്ന നിരവധി കോടതി വിധികളുണ്ട്.എകെജിയുടെ സ്മാരകമായി ഗവേഷണ കേന്ദ്രത്തിന് പതിച്ചുലഭിച്ച ഭൂമി ദുരുപയോഗം ചെയ്തതായി പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ സർവ്വകലാശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾക്കായി പ്രസ്തുത ഭൂമി മടക്കി നൽകാനുള്ള മാന്യത സിപിഎം കാട്ടണം.
ദുരുപയോഗം ചെയ്ത ഭൂമി ചട്ട പ്രകാരം സർവ്വകലാശാല തിരികെ ഏറ്റെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, കേരള സർവകലാശാല വിസിക്കും നിവേദനം നൽകി
*ചരിത്രം*
1977 ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സിപിഎം സെക്രട്ടറിയായിരുന്ന ഇ. കെ. നായനാർ എകെജിയുടെ നാമധേയത്തിൽ പഠന ഗവേഷണ കേന്ദ്രത്തിനായി യൂണിവേഴ്സിറ്റി വളപ്പിൽ സ്ഥലം പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. 1977 ഓഗസ്റ്റ് 20ന് കേരളസർവ്വകലാശാലയുടെ സെനറ്റ് ഹൌസ് വളപ്പിലുള്ള ഭൂമി സൗജന്യമായി പതിച്ച് നൽകി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന്
കേരള സർവ്വകലാ ശാല 34 സെൻറ് ഭൂമി സിപിഎം സെക്രട്ടറി യുടെ പേരിൽ നൽകി. തുടർന്ന് സിപിഎം സെക്രട്ടറി നേരിട്ട് ആവശ്യപെട്ട പ്രകാരം സർവ്വകലാശാല സെനറ്റ് തന്നെ സർക്കാർ അനുമതി കൂടാതെ15 സെൻറ് ഭൂമികൂടി അനുവദിക്കുകയായിരുന്നു.
എകെജിയുടെ ഒന്നാം ചരമവാർഷിക ദിനമായ 1978 മാർച്ച് 22ന് എകെ ജി സ്മാരകത്തിന് തറക്കല്ലിട്ട സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്- “ശാസ്ത്രീയ സോഷ്യലി സത്തെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന ഒരു അനൗദ്യോഗിക സർവകലാശലയാക്കി ഈ സ്മാരകത്തെ വളർത്തിയെടുക്കുക എന്നതായിരിക്കണം ലക്ഷ്യം”
1988 ൽ ചുറ്റുമതിൽ കെട്ടിയപ്പോൾ, പതിച്ചുനൽ കിയതിലും കൂടുതൽ സർവകലാശാലവക ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് സൗജന്യമായി പതിച്ചു ലഭിച്ച ഭൂമി പാർട്ടി ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായ സിപിഎം സെക്രട്ടറിയുടെ തന്നെ വെളിപ്പെടുത്തൽ.
കാർഷിക ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ച സർക്കാരാണ്,എകെജി യുടെ സ്മാരകമായ ഗവേഷണ കേന്ദ്രത്തിനായി സ്വന്തം പാർട്ടിക്ക് പതിച്ചു ലഭിച്ച ഭൂമി ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നു.
