തിരുവനന്തപുരം :കേരളം ആസ്ഥാനമായുള്ള സെമികണ്ടക്ടർ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ നെട്രസെമിക്ക് ഇന്നലെ 107 കോടി രൂപയുടെ സീരീസ് എ റൗണ്ട് ഫണ്ടിംഗ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് മുൻ കേന്ദ്ര ഇലക്ട്രോണിക്സ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ പുതിയ മുന്നേറ്റത്തിന് നെട്രസെമി നേതൃത്വം നൽകുന്നതായും അവരെ അഭിനന്ദിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ സർക്കാരിൽ മന്ത്രിയായിരുന്ന കാലത്ത്, ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തിനായി നിരവധി സ്റ്റാർട്ടപ്പുകളിൽ നിന്ന് നെട്രസെമിയെ തിരഞ്ഞെടുത്തത് താനായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സൊഹൊ കോർപ്പറേഷൻസും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സുമാണ് നെട്രസെമിയിൽ വലിയ നിക്ഷേപം നടത്തിയത്. ഡാറ്റകൾ സെർവറുകളിലേക്കോ ക്ലൗഡിലേക്കോ അയക്കാതെ, ഉപകരണങ്ങളിൽ വെച്ചുതന്നെ നിർമ്മിതബുദ്ധിയുടെ (AI) സഹായത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിയുന്ന ചിപ്പുകളാണ് കമ്പനി നിർമ്മിക്കുന്നത്.
2020-ൽ ജ്യോതിസ് ഇന്ദിരാഭായി, ശ്രീജിത്ത് വർമ്മ, ദീപ ഗീത എന്നിവർ ചേർന്നാണ് നെട്രസെമി സ്ഥാപിച്ചത്. സ്മാർട്ട് ഉൽപ്പന്നങ്ങൾക്കായി ഏറ്റവും മികച്ച കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്ന സിസ്റ്റം-ഓൺ-ചിപ്പുകൾ (SoCs) നിർമ്മിക്കുന്നതിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച്, വീഡിയോ പ്രോസസ്സിംഗ് പോലുള്ള സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാൻ ഈ ചിപ്പുകൾക്ക് സാധിക്കും.
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെ ആരംഭിച്ച സെമികോൺ ഇന്ത്യയുടെ പിന്തുണ ലഭിച്ച നിരവധി സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് നെട്രസെമിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
