ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്‌സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍1 min read

തിരുവനന്തപുരം: എല്ലാവരുടെയും ആശങ്ക പരിഹരിച്ച ശേഷമേ എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എഫ്‌സിആര്‍എ ഭേദഗതി ക്രൈസ്തവ സമൂഹത്തെ ബാധിക്കുമെന്നത് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ദുഷ്പ്രചാരണം നടക്കുന്ന സമയത്ത് ബില്ല് പാസാക്കരുതെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിയമ ഭേദഗതിയില്‍ ആശങ്കയുണ്ടെന്ന് സഭാനേതൃത്വം തന്നെ അറിയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതാക്കളോട് സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു, എഫ്‌സിആര്‍എ ബില്‍ അവതരണം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.

ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു അവരുമായി സംസാരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും ദുഷ്പ്രചാരണം നടത്തുന്നുണ്ടെന്ന് നിരവധിപ്പേര്‍ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഫ്‌സിആര്‍എ നിയമം ദുരുപയോഗം ചെയ്യുന്നതും, കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുമാണ് സര്‍ക്കാര്‍ ഈ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. സഭകളോ അമ്പലങ്ങളോ മുസ്ലിം പള്ളികളോ ആകട്ടെ, വിദേശത്തുനിന്ന് വരുന്ന പണം നിയമപരമായി ഉപയോഗിക്കുന്നതിന് ഈ നിയമം തടസ്സമല്ല.
എഫ്‌സിആര്‍എ വഴി പണം സ്വീകരിക്കുന്നത് മതസ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും ട്രസ്റ്റുകളുമുണ്ട്. തിരുപ്പതി ദേവസ്ഥാനത്തിന് പോലും എഫ്‌സിആര്‍എ അക്കൗണ്ട് ഉണ്ട്. ഈ നിയമഭേദഗതി മൂലം ആരെയും ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് നൂറുശതമാനം ഉറപ്പ് നല്‍കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും സര്‍ക്കാരും പാര്‍ട്ടിയും തയ്യാറാണ്. കോണ്‍ഗ്രസിന് വികസനത്തെക്കുറിച്ചോ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ നിയമത്തെ പേടിക്കേണ്ട ആവശ്യമുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിയമനിര്‍മ്മാണം ആരെയും വ്യക്തിപരമായോ രാഷ്ട്രീയമായോ ലക്ഷ്യം വെച്ചുള്ളതല്ല. മറിച്ച്, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പണം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വേണ്ടിയുള്ളതാണ്. ആര്‍ക്കും ഒരു ഭയവും ആവശ്യമില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരുപ്പതി ക്ഷേത്രമായാലും, പള്ളികളായാലും, മറ്റേതെങ്കിലും സംഘടനകളായാലും, നിങ്ങള്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒരു പ്രശ്‌നവുമില്ല. നമ്മുടെ രാജ്യത്ത് നിയമവാഴ്ച നടപ്പാകണം. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉണ്ടാകും. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ല. നിങ്ങള്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്താല്‍ ഭയപ്പെടേണ്ട സാഹചര്യം ഒട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *