ഇടയാറില്‍ ഒരുമാസത്തിനകം പുതിയപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കും: രാജീവ് ചന്ദ്രശേഖര്‍1 min read

 

തിരുവനന്തപുരം: തിരുവല്ലം ഇടയാര്‍ ദ്വീപ് നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ വലിയ പാലം താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുമാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇടയാറിലെത്തിയ രാജീവ് ചന്ദ്രശേഖറിനോട് പാലത്തിന്റെ ശോചനീയീവസ്ഥ നാട്ടുകാര്‍ വിവരിച്ചപ്പോഴാണ് അദ്ദേഹം പുതിയ പാലം പണിയുമെന്ന് ഉറപ്പ് നല്‍കിയത്.
നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇടയാര്‍ ദ്വീപിലെ താമസക്കാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക സഞ്ചാരമാര്‍ഗമാണ് ഇരുമ്പ് പാലം. ഇടയാറില്‍ ഇരുമ്പ് പാലം പൊളിച്ച് 20 അടി വീതിയില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നാട്ടുകാര്‍ നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. നാനൂറോളം കുടുംബങ്ങളാണ് ഇടയാര്‍ ദ്വീപില്‍ താമസിക്കുന്നത്. വലിയ വാഹനങ്ങളുള്‍പ്പടെ കടന്നുപോകുന്ന തരത്തിലുള്ള വലിയ പാലം നിര്‍മ്മിക്കണമെന്നതാണ് ഇടയാര്‍ നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യം. ഇടയാര്‍ ദ്വീപിന്റെ മൂന്നു വശങ്ങളിലായി പാര്‍വതി പുത്തനാര്‍, കരമനയാര്‍ എന്നിവയും ഒരുവശത്ത് കടലുമാണ്.
2006 ഡിസംബറില്‍ നഗരസഭയുടെ സുവര്‍ണ ജൂബിലി സ്മാരകമായാണ് ഇരുമ്പുപാലം സ്ഥാപിച്ചത്. ബിജെപി കൗണ്‍സിലറായിരുന്ന നെടുമം മോഹനന്‍ മുന്‍കൈ എടുത്താണ് 78 ലക്ഷം രൂപ ചെലവില്‍ 20 മീറ്റര്‍ നീളത്തിലും പത്തടി വീതിയിലും ഇരുമ്പ് പാലം നിര്‍മ്മിച്ചത്. അതിന് മുമ്പ് നടപ്പാലം മാത്രമായിരുന്നു ദ്വീപ് നിവാസികള്‍ക്ക് പുറത്തേക്ക് കടക്കാനുണ്ടായിരുന്ന മാര്‍ഗ്ഗം.
രണ്ട് പതിറ്റാണ്ട് പ്രായമുള്ള ഇരുമ്പുപാലം കാലപ്പഴക്കത്താല്‍ തകര്‍ച്ച ഭീഷണി നേരിടുകയാണ്. പാലത്തിന്റെ പ്രതലത്തിലെ ഇരുമ്പ് തകിടുകള്‍ ദ്രവിച്ചു തുടങ്ങി. ചട്ടക്കൂടുകളും തുരുമ്പെടുത്ത് ദ്രവിച്ചിരിക്കുകയാണ്. ഇരുപത് വര്‍ഷത്തിനിടെ ഒരേയൊരു തവണ മാത്രമാണ് അറ്റകുറ്റപണികള്‍ നടത്തിയത്. മേയര്‍മാരായിരുന്ന വി.കെ പ്രശാന്തും, കെ.ശ്രീകുമാറും, ആര്യ രാജേന്ദ്രനും പാലത്തില്‍ സന്ദര്‍ശനം നടത്തി പോയതല്ലാതെ ഒന്നു ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയായിരുന്ന ഒ. രാജഗോപാല്‍ നേമം മണ്ഡലത്തിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പാലം പണിയുന്നതിനായി മുന്നിട്ടിറങ്ങിയെങ്കിലും ഇടത് സര്‍ക്കാര്‍ മുഖംതിരിച്ചു. ഇടയാറില്‍ പുതിയ പാലത്തിന് ബഡ്ജറ്റില്‍ ആവശ്യത്തിനുള്ള തുകയില്ലെന്ന കാരണം പറഞ്ഞാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍ പദ്ധതിയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്.
ഇടയാര്‍ പാലം സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു മാസത്തിനകം പുതിയ പാലത്തിന്റെ നിര്‍മ്മാണമാരംഭിക്കുമെന്ന് ഇടയാര്‍ നിവാസികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Leave a Reply