രാഹുലിന് തിരിച്ചടി ;സ്റ്റേ ഇല്ല1 min read

20/4/23

ഡൽഹി : മോദി പരാമ‌ര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ വിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി.

ഇതോടെ വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ജഡ്‌ജി റോബിന്‍ മൊഗേരയാണ് ഹ‌ര്‍ജി തള്ളിയത്.

ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള അടുത്ത പോംവഴി. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷ അഡിഷണല്‍ സെഷന്‍സ് കോടതി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പ്രസംഗം മോദി സമൂഹത്തെയോ ഹര്‍ജിക്കാരനെയോ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് രാഹുലിന്റെ വാദം.

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബിജെപി എം എല്‍ എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കുകയായിരുന്നു.

Leave a Reply