വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു1 min read

കൊച്ചി: വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റില്‍. പിറവം  പാമ്പാക്കുട  അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിൻമേലാണ്  ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത് എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് രണ്ട് പൊലീസുകാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി . ഇതില്‍ ഒരാളുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.

പൊലീസുകാര്‍ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികള്‍ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞുവെച്ചു. ഇതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് ഇവരുടെ  വിവരങ്ങള്‍ ചോദിച്ച്‌ അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാല്‍ വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ പറയുകയുണ്ടായത്.

Leave a Reply