ഇന്ന്ലോക അവയവദാനദിനം;അവയവ ദാതാക്കളെ കാത്ത് നിരവധി പേർ1 min read

എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ഈ ദിനം ആചരിക്കപ്പെടുന്നു. അവയവദാനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അതിലൂടെ ജീവൻ നിലനിർത്താനുള്ള സാദ്ധ്യതകളെപ്പറ്റി ജനങ്ങളെ ചിന്തിപ്പിക്കുവാനും ഈ ദിനം സഹായിക്കുന്നു. നിരവധി മിഥ്യാധാരണകളും പ്രശ്നങ്ങളും അവയവദാനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതിനാൽ ശരിയായ ബോധവൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്.
കണ്ണുകൾ, വൃക്കകൾ, കരൾ, ഹൃദയം, മജ്ജ, ശ്വാസകോശം, പാൻക്രിയാസ്, മദ്ധ്യകർണ്ണത്തിലെ അസ്ഥികൾ, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ, ത്വക്ക് എന്നിവ മാറ്റിവയ്ക്കാവുന്നവയുടെ ഗണത്തിൽ പെടുന്നു. മനുഷ്യ ശരീരത്തിൽ എട്ടു പേർക്കെങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട്, നിരവധി ശരീരഭാഗങ്ങൾ വേറെയും. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ശേഖരിച്ച് നൽകുകയാണ് പതിവ്.

കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവദാനപദ്ധതിയാണ് *മൃതസഞ്ജീവനി*, ഇതിൻ പ്രകാരം അവയവദാനത്തിന് സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുന്നു. “ഷെയർ ഓർഗൻസ് സേവ് ലൈവ്സ്” എന്ന ആശയത്തിലൂടെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയുടെ ലക്ഷ്യം. അവയവമാറ്റത്തിന് സന്നദ്ധവും സംവിധാനവും ലൈസൻസും ഉള്ള ആശുപത്രികൾ വഴി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
സമീപകാലങ്ങളിൽ അവയവദാനങ്ങളുടെ സംഖ്യയിൽ വർദ്ധനവ് ഉണ്ടെങ്കിലും അവയവ ദാതാക്കളെ കാത്തിരിക്കുന്നവരുടെ എണ്ണവും പെരുകുകയാണ്. അവയവമാറ്റ ശസ്ത്രക്രിയയിൽ ഏറ്റവും കൂടുതൽ വൃക്കകൾ മാറ്റിവയ്ക്കുന്നതാണ്. 90% വൃക്കകൾ ജീവനുള്ള ദാതാക്കളിൽ നിന്ന് ലഭിക്കുന്നു, 10% മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നും ലഭിക്കുന്നു. ആവശ്യക്കാരിൽ ഇപ്പോഴും പത്തുശതമാനത്തിൽ താഴെ രോഗികൾക്ക് മാത്രമേ അവയവം ലഭിക്കാറുള്ളൂ.
അവയവദാനത്തെപ്പറ്റിയുള്ള അവബോധമില്ലായ്മ, മതപരവും സാംസ്കാരികവുമായ കാഴ്ച്ചപ്പാടുകളിലെ വ്യത്യാസം, അവയവ കൈമാറ്റ കച്ചവടത്തെക്കുറിച്ചുള്ള ഭയം, രജിസ്ട്രേഷൻ്റെ അപര്യാപ്തത,വലിയ സാമ്പത്തിക ബാദ്ധ്യത ഇവയെല്ലാം പ്രതികൂലഘടകങ്ങളാണ്. എന്നാൽ നൂതനമായ ഗവേഷണങ്ങൾ, പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ, സ്റ്റെംസെൽ ഗവേഷണങ്ങൾ, സാമ്പത്തിക ചെലവ് കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ എന്നിവ അവയവദാന പദ്ധതിക്ക് പുതിയ ഊർജ്ജവും ശക്തിയും പകരുന്നു.

ഡോക്ടർ രഘു

സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.

Leave a Reply

Your email address will not be published. Required fields are marked *