ഒഡിഷ തീവണ്ടി ദുരന്തത്തിൽ 238 മരണം ,900ലേറെ പേർക്ക് പരിക്ക്, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത1 min read

3/6/23

ഭൂവനേശ്വർ :ഒഡിഷയിലെ ദുരന്ത ഭൂമിയിൽ പൊലിഞ്ഞത് 238ജീവനുകൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.900ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഒഡീഷയിലെ ബഹനഗറില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി 7.20നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡല്‍ എക്സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍ – ഹൗറ എക്‍പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി.

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി ഇന്ന് അപകട സ്ഥലത്തെത്തും.

Leave a Reply