നിയമസഭ കയ്യാങ്കളി ;എം. എൽ. എ.മാർക്കെതിരെയുള്ള നടപടി വിശദമായ റിപ്പോർട്ടിന് ശേഷം1 min read

22/3/23

തിരുവനന്തപുരം :നിയമസഭയിലെ പ്രതിഷേധങ്ങളിൽ തുടര്‍നടപടിയ്ക്ക് അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല. ബുധനാഴ്‌ച സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മ്യൂസിയം പൊലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്.

സംഘര്‍ഷത്തില്‍ എം എല്‍ എമാരുടെ മൊഴി എടുക്കാനും സ്‌പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസര്‍ തയ്യാറാക്കാനുമായിരുന്നു പൊലീസ് അനുമതി തേടിയത്. സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപ്പട്ടികയിലുള്ള എം എല്‍ എമാരുടെയും സാക്ഷികളായ എം എല്‍ എമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനാണ് അനുമതി ചോദിച്ചത്. സഭാ ടിവിയുടെയും സഭാ മന്ദിരത്തിലെ സിസിടിവിയുടെയും ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടിയ്ക്ക് അനുമതി നല്‍കിയാല്‍ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ ഇന്നലെ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിരുന്നു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നലെയും അനുമതി ലഭിച്ചിരുന്നില്ല. ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂര്‍ത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കര്‍ ഇന്നലെ അറിയിച്ചു.

Leave a Reply