മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെപരസ്യ പ്രചാരണം അവസാനിക്കാൻ 3 ദിവസം മാത്രം ശേഷിക്കെ നിലമ്പൂരിൽ നടക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുളള നേർക്കുനേർ പോരാട്ടം.ടെലിവിഷൻ ചാനലുകൾ ചതുഷ്കോണ മത്സരം എന്നൊക്കെയുളള ആലങ്കാരിക പ്രയോഗങ്ങൾ നടത്തുന്നുണ്ടെങ്കിലും തേക്ക് മരങ്ങളുടെ നാട്ടിൽ നടക്കുന്ന തീപാറും മത്സരം വലത്- ഇടത് മുന്നണികൾ തമ്മിൽ തന്നെ.
ഇടത്, വലത് മുന്നണികൾ തമ്മിലുളള മത്സരത്തിൽ നിർണായകമാകുന്നത് സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അൻവറിൻെറ സാന്നിധ്യമാണ്.2.32 ലക്ഷം വോട്ടർമാരുളള മണ്ഡലത്തിൽ ഹൈന്ദവർ രണ്ടാമത്തെ വലിയ മതവിഭാഗമാണെങ്കിലും ഈ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി നിർണായക ശക്തിയല്ല.
കഴിഞ്ഞ 9 വർഷമായി എൽ.ഡി.എഫ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും രാഷ്ട്രീയമായി യു.ഡി.എഫിന് തന്നെയാണ് മേൽക്കൈ എന്നാണ് അവരുടെ അവകാശവാദം.രാഷ്ട്രീയ സാഹചര്യങ്ങളും അടിയൊഴുക്കുകളും വിധി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ മുഴച്ച് നിൽക്കുന്നത് മത സാമുദായിക പ്രീണന ശ്രമങ്ങളാണ്.
ജമാ അത്തെ ഇസ്ളാമി- പിഡിപി പിന്തുണ സംബന്ധിച്ച ചർച്ചകളിലും ഒടുവിൽ അലയടിക്കുന്ന പലസ്തീൻ പിന്തുണയിലും തെളിയുന്നത് പ്രീണന രാഷ്ട്രീയത്തിൻെറ അനുരണനങ്ങളാണ്.ഇതെല്ലാം കൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേയ്ക്ക് കടക്കുമ്പോൾ രാഷ്ട്രീയ കേരളത്തിൻെറ ശ്രദ്ധാകേന്ദ്രമായി നിലമ്പൂർ.
സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം നിലമ്പൂരിലെത്തി മുന്നണികൾക്കായി വോട്ട് അഭ്യർത്ഥിക്കുകയാണ്. തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നിയോജക മണ്ഡലങ്ങളെ അപേക്ഷിച്ച് വലിയ വിസ്തൃതിയുളള നിലമ്പൂർ മണ്ഡലത്തിൽ 230 ലേറെ ബൂത്തുകളാണുളളത്.
ഇതിൽ 14 എണ്ണം അതീവ പ്രശ്‌ന സാധ്യതയുളള ബൂത്തുകളാണ്. ഇതിൽ 3 എണ്ണം വനാന്തർഭാഗത്താണ്. നിർണായകമായഉപതിരഞ്ഞെടുപ്പിൻെറ വീറും വാശിയും ആളിക്കത്തുന്ന കൊട്ടിക്കലാശ ദിവസം സംഘർഷത്തിനുളള സാധ്യത മുന്നിൽ കണ്ട് കരുതലെടുക്കാനാണ് പൊലീസിൻെറ തീരുമാനം.
പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസത്തെ പ്രചാരണത്തിൻെറ രൂപരേഖ തയ്യാറാക്കാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിന് പൂർണമായും സജ്ജമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്ന് ജില്ലാ കലക്‌ടർ വി.ആർ വിനോദ് അറിയിച്ചു. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പരമാവധി നേതാക്കളെ മണ്ഡലത്തിൽഎത്തിച്ച് പ്രചരണം നടത്താനാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുന്നത്.
ഇടത് മുന്നണിയുടെ താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പര്യടനം തുടങ്ങിക്കഴിഞ്ഞു.
യു.ഡി.എഫിൻെറ സ്റ്റാർ കാംപെയ്നറായ പ്രിയങ്ക ഗാന്ധി എം.പിയും രംഗത്തുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രിയങ്കക്കൊപ്പം പ്രചരണത്തിൽ പങ്കാളിയാകും.
എം സ്വരാജിന് വോട്ട് അഭ്യർത്ഥിച്ച് 8 മന്ത്രിമാർ എല്ലാ ദിവസവും മണ്ഡലത്തിലുണ്ട്. മന്ത്രിമാർ കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തുന്നത്. യുഡിഎഫ്നേതാക്കളും കുടുംബയോഗങ്ങൾ ഫോക്കസ് ചെയ്‌താണ് പ്രചാരണം നടത്തുന്നത്.
ദേശീയ നേതാക്കളെ എത്തിച്ച് അവസാന ദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാൻ എൻ.ഡി.എയും പിവി അൻവറും ശ്രമിക്കുന്നുണ്ട്.
ക്ഷേമപെൻഷനിൽ തുടങ്ങിയ പ്രചരണരംഗത്തെ ഇടത് – വലത് വാക് പോര് ഇപ്പോൾ വർഗീയ കക്ഷികളോടുളള സമീപനത്തിലാണ് ചുറ്റിത്തിരിയുന്നത്. ജമാഅത്തെ ഇസ്ളാമിയാണ് ഈ ചർച്ചയുടെ കേന്ദ്രബിന്ദു.
ജമാ അത്തിൻെറ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വർഗീയ കക്ഷികളോടുളളപ്രചാരണരംഗത്തേക്ക് ഉയർന്നുവന്നത്.
പി.ഡി.പി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി യു.ഡി.എഫും തിരിച്ചടിക്കുന്നുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കും എന്നതു പോലെയാണ് ജമാഅത്തെ ഇസ്ലാമി വിഷയത്തിലെ എൽ.ഡി.എഫ് നിലപാടെന്നാണ് യു.ഡി.എഫിൻെറ മറുപടി.
മണ്ഡലത്തിൽ ജമാ അത്തെ ഇസ്ലാമിക്ക് അയ്യായിരത്തോളം വോട്ടുണ്ടെന്നാണ് ഇരുമുന്നണികളുടെയും കണക്ക്. ഇത് തന്നെയാണ് വാക് പോരിൻെറ അടിസ്ഥാനവും. ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസിൻ്റെ മുസ്ലിം മുഖമെന്ന വിമർശനം ഉയർത്തിയാണ് എൽ.ഡി.എഫിൻെറ പ്രതിരോധ ശ്രമങ്ങൾ.2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പി ബന്ധമുളള സ്ഥാനാർഥിയെ ചൊല്ലി സി.പി.എമ്മുമായി ഇടഞ്ഞിരുന്ന സി.പി.ഐ ഇപ്പോഴത്തെ പി.ഡി.പി പിന്തുണയിൽ മലക്കം മറിയുകയാണ്.
അതേസമയം തന്റെ പ്രചാരണത്തിനായി എത്തുമെന്ന് പിവി അൻവർ പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും 20 എംപിമാരും എങ്ങും എത്തിയില്ല. അൻവരിന്റെ അണികൾ തന്നെ ഇവരെ ദിവസവും തിരക്കാറുണ്ടെങ്കിലും മറുപടി കിട്ടാറില്ല.
