നേമം വട്ടവിള സുരേഷ്റോഡ് : പുതിയ ടാർ റോഡ് നിർമ്മിക്കാൻ റെയിൽവേ തീരുമാനം1 min read

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖരിന്റെ ഇടപെടലിനെ തുടര്‍ന്ന് നേമം വട്ടവിള സുരേഷ് റോഡിന്റെ ഭാഗത്ത് ടാര്‍ റോഡ് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി ദക്ഷിണ റെയില്‍വേ.

നേമം റെയില്‍വേ സ്റ്റേഷന് സമീപം പാത ഇരട്ടിപ്പിക്കലിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറിയ ഭൂമിയില്‍ ടാര്‍ റോഡ് നിര്‍മ്മിച്ച് ഭാവിയിലെ അറ്റകുറ്റപ്പണികള്‍ക്കായി തിരുവനന്തപുരം കോര്‍പ്പറേഷന് കൈമാറാന്‍ തയ്യാറാണെന്ന് റെയില്‍വേ പ്രതിനിധി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. 1.15 കോടിയിലധികം രൂപ മുന്‍കൂറായി വാങ്ങി വട്ടവിള സുരേഷ് റോഡിന്റെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറിയത് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
റെയില്‍വേ വികസനത്തിനായി വട്ടവിള സുരേഷ് റോഡിലെ താമസക്കാര്‍ക്ക് നഷ്ടപ്പെട്ട പൊതുറോഡിന് പകരമായി ടാര്‍ റോഡ് വേണമെന്ന നേമം ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം റെയില്‍വേ അധികൃതര്‍ ആദ്യം നിരസിച്ചിരുന്നു. എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവര്‍ നിലപാട് മാറ്റുകയായിരുന്നു. രണ്ട് മാസം മുമ്പ് രാജീവ് ചന്ദ്രശേഖര്‍ വട്ടവിള സന്ദര്‍ശിച്ച് പകരം റോഡിനായി ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

Leave a Reply