എൻ‌.സി‌.സി കേരള-ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ അരുൺ സിജി ചുമതലയേറ്റു1 min read

തിരുവനന്തപുരം :എൻ‌.സി‌.സി (നാഷണൽ കേഡറ്റ് കോർപ്സ്) കേരള-ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) മേജർ ജനറൽ അരുൺ സി.ജി ഇന്ന് തിരുവനന്തപുരത്ത് ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്, തിരുവനന്തപുരത്തെ പാങ്ങോട് ബ്രിഗേഡിന്റെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.

കരസേനയിൽ 1991 ബാച്ചിൽ കുമയോൺ റെജിമെന്റിന്റെ 20-ാം ബറ്റാലിയനിൽ കമ്മീഷൻ ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. 34 വർഷത്തെ ദീർഘവും പ്രശസ്തവുമായ സൈനിക ജീവിതത്തിൽ, നിരവധി കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ നിയമനങ്ങളിലും, വിവിധ സംഘർഷ, ഭൂപ്രദേശ മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോർത്തേൺ തിയേറ്ററിലെ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകളിലും തിരുവനന്തപുരത്തെ ആംഫിബിയസ് ബ്രിഗേഡിലും നോർത്തേൺ കമാൻഡിന്റെ റിസർവ് ഡിവിഷനിലും അദ്ദേഹം തന്റെ ബറ്റാലിയനെ നയിച്ചു.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ആർമി വാർ കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിവിധ അഭിമാനകരമായ സൈനിക കോഴ്‌സുകളിൽ യോഗ്യത നേടിയിട്ടുണ്ട്. മിലിട്ടറി സെക്രട്ടറി വിഭാഗത്തിലും, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട നിയമനങ്ങൾ വഹിച്ചിട്ടുണ്ട്, ലേയിലും തിരുവനന്തപുരത്തും സ്റ്റേഷൻ കമാൻഡറായിരുന്ന അദ്ദേഹം രാഷ്ട്രീയ റൈഫിൾസിൽ ഒന്നിലധികം തവണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ഡയറക്റ്റിംഗ് സ്റ്റാഫും സീനിയർ ഇൻസ്ട്രക്ടറും ആയിരുന്നു. 91 ഇൻഫൻട്രി ബ്രിഗേഡിന്റെ കമാൻഡറായിരുന്ന അദ്ദേഹം 2018 ൽ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാതൃകാപരമായ നേതൃത്വം പ്രകടിപ്പിച്ചു, രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ അവാർഡും നേടി. 2025 ൽ തന്ത്രപരമായ കാഴ്ചപ്പാടിനും പരിവർത്തനാത്മക നേതൃത്വത്തിനും അദ്ദേഹത്തിന് സേനാ മെഡൽ ലഭിച്ചു. രണ്ടുതവണ ചീഫ് ഓഫ് ആർമി സ്റ്റാഫിൻ്റെ പ്രശംസാ പത്രം നേടിയിട്ടുണ്ട്.

ഇവിടെ ചുമതല ഏൽക്കുന്നതിന് മുമ്പ്, ന്യൂഡൽഹിയിലെ ആർമി ആസ്ഥാനത്ത് അഡീഷണൽ ഡയറക്ടർ ജനറൽ (സ്റ്റാഫ് ഡ്യൂട്ടി) ആയിരുന്നു അദ്ദേഹം.

മികച്ച വായനക്കാരനും, കായികതാരവും, സാങ്കേതികവിദ്യയിൽ തത്പരനുമായ അദ്ദേഹം, സ്വഭാവ രൂപീകരണം, നേതൃത്വ വികസനം, രാഷ്ട്രനിർമാണം എന്നിവയിൽ എൻ.സി.സി ഒരു ഉത്തേജകമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുതിയ കാഴ്ചപ്പാടുകളും നൂതന സംരംഭങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *